സര്‍ക്കാര്‍ ആശുപത്രികളിലടക്കം സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഒ.പി വിഭാഗത്തിലെ ജോലികളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ വിട്ടുനില്‍ക്കും. ആശുപത്രികള്‍ക്കുനേരെ കൂടിവരുന്ന ആക്രമണങ്ങള്‍ക്കെതിരെയും വിവിധ ആവശ്യങ്ങളുന്നയിച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സമരം.

പാതി ദിവസം പണിമുടക്കിയാണ് ദില്ലിയിലെ ഡോക്ടര്‍മാരുടെ പ്രതിഷേധം. അയ്യായിരത്തോളം ഡോക്ടര്‍മാരും നാനൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന് ദില്ലിയില്‍ പ്രതിഷേധ റാലിയും കണ്‍വന്‍ഷനും നടത്തും. ചികിത്സാ പിഴവിന്റെ പേരില്‍ ഡോക്ടമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. മെഡിക്കല്‍ ബിരുദത്തിന് നാഷണല്‍ എക്‌സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.