തിരൂര്‍: മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന ഒപി ബഹിഷ്‌ക്കരണ സമരം പിന്‍വലിച്ചു. എടയൂരില്‍ റുബെല്ല വാക്‌സിനെടുക്കുന്നതിനിടയില്‍ നഴ്‌സിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണ സമരം. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും നാളെ മുതല്‍ പ്രതിരോധ കുത്തിവെപ്പിന് പൊലീസ് സംരക്ഷണം നല്‍കുമെന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയതോടയൊണ് കെജിഎംഒഎ സമരം പിന്‍വലിച്ചത്. സംഭവത്തില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ എട്ടു മുതല്‍ തുടങ്ങിയ സമരം പതിനൊന്നുമണിയോടെ ജില്ലാകലക്ടറുമായുള്ള ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. നഴ്‌സിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ വൈകാതെ പിടികൂടുമെന്നും ജില്ലാകലക്ടര്‍ ഉറപ്പുനല്‍കി. അത്തിപറ്റ സ്വദേശികളായ സസ് വാന്‍, മുബഷിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒറ്റപെട്ടതെങ്കിലും മലപ്പുറം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പിനെതിരെ ചിലര്‍ രംഗത്തുള്ള സാഹചര്യത്തില്‍ നാളെമുതല്‍ പ്രതിരോധ കുത്തിവെപ്പിന് പൊലീസ് സംരക്ഷണം നല്‍കമെന്നും കലക്ടര്‍ കെ.ജി.എം.ഒ.എക്ക് ഉറപ്പ് നല്‍കി.
മീസല്‍സ് റുബെല്ല വാക്‌സിനെതിരെ പ്രവര്‍ത്തിക്കുന്നത് രാജ്യദ്രോഹകുറ്റമായി കാണണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപെട്ടു. ഇതിനിടെ ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ക്കുനേരെയുള്ള കയ്യേറ്റം കര്‍ശനമായി നേരിടുമെന്ന് ആരോഗ്യമന്ത്രി.കെ.കെ.ഷൈലജ തിരുവനന്തപുരത്ത് പറഞ്ഞു. ഉദ്യോഗസ്ഥരെ അക്രമിച്ചവര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
