മലപ്പുറം:ചീങ്കണ്ണിപ്പാലയിൽ അനധികൃതമായി തടയണ നിര്‍മ്മിച്ച സ്ഥലം പി.വി.അന്‍വർ എംഎൽഎ യുടെ പേരിൽ വിൽപ്പന കരാറെഴുതിയതിന്‍റെ രേഖകൾ പുറത്ത്. തടയണ നിര്‍മ്മാണം വിവാദമായതിന് തൊട്ടുപിന്നാലെ ഉടമസ്ഥാവകാശം ഭാര്യാപിതാവിലേക്ക് മാറ്റുകയായിരുന്നു. ഈ ഭൂമി തന്‍റെ പേരിലല്ലെന്ന ന്യായം ഉന്നയിച്ച് നിയമലംഘനത്തിൽ നിന്ന് തലയൂരാനാണ് എംഎൽഎയുടെ ശ്രമം.

നിലമ്പൂര്‍ ചാത്തങ്ങോട്ടുപുറം പഴയത്ത്മന സുരേഷ് നമ്പൂതിരി, ഭാര്യ നിഷ എന്നിവരുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ എട്ട് ഏക്കര്‍ ഭൂമിയാണ് എംഎല്‍എ വാങ്ങിയത്. ഇതില്‍ രണ്ടാംകക്ഷി പി.വി അന്‍വറാണ്. കക്കാടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് അനുബന്ധമായ സൗകര്യങ്ങള്‍ ചീങ്കണ്ണിപ്പാലിയില്‍ ഒരുക്കുകയായിരുന്നു എംഎല്‍എയുടെ ലക്ഷ്യം. ബോട്ടിംഗിനായി കാട്ടരുവി തടഞ്ഞ് തടയണ നിര്‍മ്മിച്ചതോടെ വെട്ടിലായി. 

എംഎല്‍എക്കെതിരായി ഏറനാട് തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ സബ്കളക്ടര്‍ എന്നിവര്‍ മലപ്പുറം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2016 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് എംഎല്‍എക്കെതിരായ റിപ്പോര്‍ട്ട് അന്നത്തെ മലപ്പുറം ജില്ലാ കളക്ടര്‍ ടി. ഭാസ്കരന് കിട്ടുന്നത്. പിന്നാലെ അത്രയും നാള്‍ കൈവശം വച്ചിരുന്ന ഭൂമി പി.വി അന്‍വര്‍ രണ്ടാംഭാര്യയുടെ അച്ഛന്‍ അബ്ദുള്‍ ലത്തീഫിന്‍റെ ഉടമസ്ഥതയിലേക്ക് മാറ്റി. 2016 നവംബറിലാണ് ഭൂമി ഇടപാട് നടന്നത്. 

തടയണ ഇരിക്കുന്ന പ്രദേശം ഭാര്യാപിതാവിന്‍റെ പേരിലേക്ക് മാറ്റി നിയമ നടപടികളില്‍ നിന്ന് തലയൂരാനാണ് പി വി അന്‍വര്‍ ശ്രമിച്ചത്. ഈ സ്ഥലത്ത് റസ്റ്റോറന്‍റ് കം ലോഡ്ജ് നിര്‍മ്മിക്കാന്‍ അനുവദിക്കമെന്നാവശ്യപ്പെട്ട് ഭാര്യാപിതാവ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിനെ തുടര്‍ന്ന് സമീപിച്ചു. ഈ അനുമതിയുടെ മറവിലാണ് പ്രദേശത്ത് റോപ് വേ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും ഗൗനിച്ചിട്ടില്ല.