തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റിന് വിപണി വിലക്ക് ഭൂമി കൈമാറിയതോടെ സര്‍ക്കാറിനുള്ള അവകാശം ഇല്ലാതായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റേന്ന് രേഖകള്‍. 1984ലെ കെ കരുണാകരന്‍ സര്‍ക്കാര്‍ ലോ അക്കാദമിക്ക് ഭൂമി നല്‍കിയത് സെന്റിന് വെറും 250 രൂപ ഈടാക്കിയാണെന്ന് വിലയാധാര രേഖ വ്യക്തമാക്കുന്നു. മാത്രമല്ല ഭൂമി ദുരുപയോഗം നടന്നാല്‍ ഉപാധികളില്ലാതെ പിടിച്ചെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന കര്‍ശന വ്യവസ്ഥയും കരാറിലുണ്ട്.
ലോ അക്കാദമിയുടെ കൈവശമിരിക്കുന്ന ഭൂമിയില്‍മേല്‍ സര്‍ക്കാറിന് ഒരു ഇടപെടലും സാധ്യമല്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് വിലയാധാര രേഖ പറയുന്നത്. 20 സെന്റ് വില്ലേജ് ഓഫീസിന് മാറ്റി വച്ച് ബാക്കി 11.49 ഏക്കര്‍ ലോ അക്കാദമിക്ക് പതിച്ച് നല്‍കുന്നത് 1984 ജൂലൈ അഞ്ചിനാണ്. യുജിസിയുടെ സാമ്പത്തിക സഹായം കിട്ടുന്നതിന് വേണ്ടിയെന്ന കാരണം പറഞ്ഞ് കൈമാറിയ ഭൂമിക്ക് ലോ അക്കാദമി മാനേജ്‌മെന്റില്‍ നിന്ന് ഈടാക്കിയത് സെന്റിന് 250 രൂപ മാത്രം. ഒപ്പം കര്‍ശന വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തിനാണോ ഭൂമി നല്‍കിയത് അതിന് മാത്രമെ ലോ അക്കാദമി മാനേജ്‌മെന്റിന് ഭൂമി വിനിയോഗിക്കാനാകൂ. അതായത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി വിനിയോഗത്തിന് നിയന്ത്രണമുണ്ട്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഭൂമി ക്രയവിക്രയം നടത്താനാകില്ല. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ഉപാധിയും കൂടാതെ പിടിച്ചെടുക്കാനും സര്‍ക്കാറിനെ അധികാരപ്പെടുത്തിയാണ് കൈമാറ്റ കരാര്‍. ഭൂമി സംബന്ധിച്ച് അന്തിമ അധികാരം ജില്ലാകളക്ടര്‍ക്കായിരിക്കുമെന്നും വിലയാധാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി വകമാറ്റിയതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ഒരുവശത്തും ലോ അക്കാദമി ഭൂമി പിടിച്ചെടുത്ത് പിഎസ് നടരാജന്‍ പിള്ളയുടെ കുടുംബത്തിന് നല്‍കാനാകില്ലെന്ന വാദം മറുവശത്തും നില്‍ക്കുമ്പോഴാണ് വിലയാധാരത്തിന്റെ പ്രസക്തി.
