ലക്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി ഉന്നത നേതൃത്വത്തില്‍ അഭിപ്രായ ഭിന്നത പ്രകടമാകുന്നു. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടാനിടയില്ലെന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന പാര്‍ട്ടിയിലെ അമിത്ഷാ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ബിജെപി മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒറ്റയാള്‍ക്കും സീറ്റു നല്‍കാത്തതിനെ എതിര്‍ത്ത് ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വരികയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ആദ്യം ഇക്കാര്യത്തിലുള്ള അഭിപ്രായം പറഞ്ഞത്.
ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റു നല്‍കണമായിരുന്നു എന്ന് രാജ്നാഥ് പറഞ്ഞു. ഇതേ അഭിപ്രായം ഉമാഭാരതിയും പ്രകടിപ്പിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കുമ്പോള്‍ ഇത് നിര്‍ഭാഗ്യകരമാണെന്നാണ് പ്രതികരിച്ചത്. സീറ്റു നിര്‍ണ്ണയത്തില്‍ പ്രാദേശിക നേതാക്കള്‍ക്ക് ഒരു പങ്കുമില്ലാത്തതിലുള്ള അസംതൃപ്തിയാണ് മുതിര്‍ന്ന നേതാക്കളിലൂടെ പുറത്തു വരുന്നത്. ബിജെപി 300 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ വാദിക്കുമ്പോള്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടാനിടയില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞതും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു.
സംസ്ഥാനത്ത് പാര്‍ട്ടി ജയിച്ചാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടാവണം എന്നാണ് ഇവര്‍ വാദിക്കുന്നത്. തനിക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന് യോഗി ആദിത്യനാഥും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുനിന്നു വന്ന നേതാക്കളാണെങ്കിലും നരേന്ദ്ര മോദിയും അമിത്ഷായും അണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയിലെ എല്ലാ തീരുമാനവും നിയന്ത്രിക്കുന്നത്. പൊതുവെ തികഞ്ഞ അച്ചടക്കം പാലിക്കുന്ന രാജ്നാഥ് സിംഗ് പോലും പരസ്യപ്രതികരണത്തിന് മുതിര്‍ന്നത് വരാന്‍ പോകുന്ന നീക്കങ്ങളുടെ സൂചനയായി.
