കൊച്ചി: മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത കാണിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമമുണ്ട്. ഈ നിയമം നടപ്പിലാക്കാനുളള പോരാട്ടത്തിലാണ് കൊച്ചി ഞാറക്കല്‍ സ്വദേശി ജിതേന്ദ്രദാസ് കെ.ജി. തന്റെ പ്രിയപ്പെട്ട നായക്കുട്ടിയെ അയല്‍വാസി അതിദാരുണമായി അടിച്ചുകൊന്നതില്‍ മനം നൊന്താണ് ജിതേന്ദ്ര നിയമ നടപടിയ്‌ക്കൊരുങ്ങിയത്. ഇനി ഒരു ജീവിയെയും ഇങ്ങനെ ക്രൂരമായി കൊല്ലരുതെന്നതാണ് നീതി തേടിയുള്ള പോരാട്ടത്തിന് ജിതേന്ദ്രയെ പ്രേരിപ്പിക്കുന്നത്. 

അത്ര സുരക്ഷിതമല്ലാത്ത പരിസരമായതിനാല്‍ വീട്ടിലുള്ള അമ്മയെയും സഹോദരിയെയും കരുതിയാണ് ഇവര്‍ വീട്ടില്‍ നായയെ വളര്‍ത്തിയത്. എന്നാല്‍ കോഴിയെ കൊന്നുവെന്ന് ആരോപിച്ച് അതിദാരുണമായി അയല്‍വാസി നായയെ പൈപ്പ് വച്ച് പലതവണ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഒന്നിലധികം തവണ തലയ്ക്ക് മാരകമായ അടിയേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

അയല്‍വാസിയായ സുനി എന്ന ഓട്ടോ ഡ്രൈവറാണ് ഈ കണ്ണില്ലാത്ത ക്രൂരത ചെയ്തത്. സംഭവത്തില്‍ ജിതേന്ദ്രദാസ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും പിന്നീട് സുനിലിനെതിരെ ഞാറക്കല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. തന്റെ മക്കളെ അടക്കം ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാലാണ് കൊന്നതെന്നാണ് സുനില്‍ പൊലീസില്‍ പറഞ്ഞതെന്നും എന്നാല്‍ ഇത് വാസ്തവമല്ലെന്നും ജിതേന്ദ്ര ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

മറ്റുളളവരോട് സ്വാഭാവികമായി പെരുമാറുന്ന നായക്കുട്ടി എന്നാല്‍ കോഴി പൂച്ച എന്നിവയെ കണ്ടാല്‍ അക്രമാസക്തമാകും. നേരത്തേ സുനിലിന്റെ വീട്ടിലെ കോഴിയെ പിടിച്ചിട്ടുമുണ്ട്. അന്ന് ബഹളമുണ്ടാക്കിയ സുനിലിന് കോഴിയെ വാങ്ങി നല്‍കാമെന്ന് അമ്മ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇയാള്‍ തന്റെ നായയെ കൊന്നതെന്നും ജിതേന്ദ്ര. 

ജനുവരി 23നാണ് സംഭവം നടന്നത്. പൊതുവെ കൂട്ടില്‍നിന്ന് പുറത്തിറക്കാറില്ലാത്ത നായയെ അന്ന് പുറത്തുകൊണ്ടുപോയതിന് ശേഷം മുറ്റത്ത് കെട്ടിയിട്ടു. നായയ്ക്കുള്ള ആഹാരവുമായി തിരിച്ചുവന്നപ്പോള്‍ അതിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത വീട്ടിലെ ചേച്ചി ഒരക്ഷരം മിണ്ടാനാകാതെ അപ്പുറത്തെ അമ്പലത്തിന്റെ വശത്തേക്ക് നിസ്സാഹായയായി നോക്കുക മാത്രമാണ് ചെയ്തത്.

അമ്പലത്തിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും അയാള്‍ തന്റെ അടുത്തേക്ക് വന്നു. ''എന്റെ കോഴിയെ പിടിച്ചതിന് നിന്റെ നായയെ തല്ലിക്കൊന്നിട്ടിട്ടുണ്ട്'' എന്നാണ് സുനില്‍ പറഞ്ഞത്. ഇത് കേട്ട് ഓടിച്ചെല്ലുമ്പോള്‍ തലപ്പൊട്ടി ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു നായ. വയറില്‍ ചെറിയൊരു മിടിപ്പ് ബാക്കിയുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ കയ്യിലെടുത്തെങ്കിലും വായില്‍നിന്ന് രക്തം ഒലിച്ച് അത് ചത്തു. - ജിതേന്ദ്ര വ്യക്തമാക്കി. 

തുടര്‍ന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കോഴിയെ പിടിച്ചാല്‍ നായയെ കൊല്ലില്ലേ എന്നായിരുന്നു ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ പ്രതികരണമെന്നും ജിതേന്ദ്ര പറയുന്നു. മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ജിതേന്ദ്രദാസ് കേന്ദ്രമന്ത്രി മനേകാ ഗാന്ധിയ്ക്കും കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനും പരാതി നല്‍കി. പിന്നീട് പൊലീസ് സ്റ്റേഷനില്‍നിന്ന് എസ് ഐ വിളിപ്പിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

കേസിനെ തുടര്‍ന്ന് സുനിലിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി. മനേകാഗാന്ധിയുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആംനസ്റ്റിയില്‍നിന്ന തന്നെ നേരിട്ട് വിളിക്കുകയും കേരളത്തിലെ വിംഗ് നേരിട്ടെത്തി സംഭവങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ദയ എന്ന സംഘടനയും സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ജിതേന്ദ്ര പറഞ്ഞു. 

ഇനി ഒരു ജീവിയോടും ഈ ക്രൂരത കാട്ടരുത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അതുവഴി എല്ലാവര്‍ക്കും ഇതൊരു പാഠമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ജിതേന്ദ്രദാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി.