മക്ക: ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ നാളെ മുതല്‍ സൗദിയില്‍ എത്തും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ മദീന ഒരുങ്ങി. സൗദിക്കകത്ത് നിന്നും ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നവരുടെ രെജിസ്‌ട്രേഷന്‍ നാളെയാണ് ആരംഭിക്കുന്നത്. 

ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇഷ്ടമുള്ള സര്‍വീസ് ഏജന്‍സിയെ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാം. ഇരുപത്തിയഞ്ച് തീര്‍ഥാടകരെ വരെ ഓരോ നഗരത്തില്‍ നിന്നും സര്‍വീസ് ഏജന്‍സികള്‍ക്ക് സ്വീകരിക്കാം. മക്കയ്ക്ക് പുറത്ത് നിന്നുള്ള തീര്‍ഥാടകരുടെ പുണ്യസ്ഥലങ്ങളിലെക്കുള്ള ഒണ്‍വേ യാത്രാ നിരക്ക് അറുനൂറു റിയാലില്‍ കൂടാന്‍ പാടില്ലെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 

മക്കയ്ക്ക് അകത്തുള്ളവരില്‍ നിന്ന് നൂറ്റിയമ്പത് റിയാലില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല. 239,000ആഭ്യന്തര തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ. 3,477 റിയാല്‍ മുതല്‍ പതിനാലായിരം റിയാല്‍ വരെയാണ് ആഭ്യന്തര ഹജ്ജ് നിരക്ക്. ചെലവ് കുറഞ്ഞ ഹജ്ജ് പാക്കേജില്‍ 23,477 തീര്‍ഥാടകര്‍ക്കും മിനാ ടവറുകളില്‍ 11,872 തീര്‍ഥാടകര്‍ക്കും മിനായ്ക്ക് പുറത്തുള്ള കെട്ടിടങ്ങളില്‍ പതിനായിരം തീര്‍ഥാടകര്‍ക്കും അവസരം ലഭിക്കും. 

ബാക്കിയുള്ളവര്‍ക്ക് ജനറല്‍ കാറ്റഗറിയില്‍ ആണ് അവസരം ലഭിക്കുക. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ മദീനയില്‍ എത്തും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള രണ്ടായിരത്തിലധികം തീര്‍ഥാടകരാണ് ആദ്യദിവസം ഹജ്ജിനെത്തുക. ഇവരെ സ്വീകരിക്കാന്‍ മദീനയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മദീനയില്‍ ഹറം പള്ളിക്കടുത്ത് മര്‍ക്കസിയ ഏരിയയിലാണ് ഇത്തവണ എല്ലാ തീര്‍ഥാടകരും താമസിക്കുക.