മൂന്നുമാസം തുടര്‍ച്ചയായോ ഇടവിട്ടോ ശമ്പളം ലഭിച്ചില്ലെങ്കില്‍ പുതിയ തൊഴിലുടമയിലേക്ക് ഗാര്‍ഹിക തൊഴിലാളിക്ക് തന്റെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാമെന്ന് തൊഴില്‍മന്ത്രി അലി അല്‍ഗഫീസ് പറഞ്ഞു. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളുടെ സേവനമാറ്റത്തിനു തൊഴില്‍ മന്ത്രിയില്‍ നിന്നോ, തൊഴില്‍ മന്ത്രി ചുമതലപ്പെടുത്തുന്ന വ്യക്തിയില്‍നിന്നോ ഉത്തരവുണ്ടായിരിക്കണം. സൗദിയില്‍ എത്തിയ വീട്ടു ജോലിക്കാരെ വിമാനത്താവളങ്ങളില്‍നിന്നും സ്വീകരിക്കാതിരിക്കല്‍, ഇവരെ പാര്‍പ്പിച്ച അഭയകേന്ദ്രത്തില്‍നിന്നും പതിനഞ്ച് ദിവസത്തിനകം സ്വീകരിക്കാതിരിക്കല്‍, ഇഖാമ എടുത്തു നല്‍കാതിരിക്കല്‍, ഇഖാമ അവസാനിച്ച് ഒരു മാസം കഴിഞ്ഞു പുതുക്കി നല്‍കാതിരിക്കല്‍, തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാള്‍ക്കു വാടകക്കു നല്‍കല്‍, ബന്ധുക്കള്‍ക്കോ കുടുംബത്തില്‍ മാറ്റാര്‍ക്കെങ്കിലും വേണ്ടിയോ നിര്‍ബന്ധിച്ച് ജേലി ചെയ്യിപ്പിക്കല്‍, തൊഴിലാളിയെ കയ്യേറ്റം ചെയ്യല്‍, മോശമായി പെരുമാറല്‍, തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താവുന്നതാണ്.
തൊഴിലുടമക്കെതിരെ പരാതി നല്‍കുകയും പരാതി പരിഗണിക്കുന്നത് നീണ്ടുപോവുകയും ചെയ്യുന്ന ഘട്ടത്തിലും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്തുന്നതിനു ഗാര്‍ഹിക തൊഴിലാളിക്കു അവകാശമുണ്ടായിരിക്കും. ഹൗസ് മെയ്‌ഡ്, ഹൗസ് ഡ്രൈവര്‍മാര്‍, മൃഗ പരിപാലകര്‍, വീട്ടിലെ പാചകക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം മേല്‍പറഞ്ഞ ഘട്ടങ്ങളില്‍ മറ്റൊരു സ്‌പോണ്‍സറെ സമീപിച്ച് സേവനമാറ്റം നടത്താമന്നു മന്ത്രി വ്യക്തമാക്കി.
