രാത്രിയില്‍ ഹെലികോപ്റ്ററുകള്‍ ചെങ്ങന്നൂരില്‍ എത്തിയെന്ന് പ്രചരിച്ചത് തെറ്റാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഫ്ളാഷ് ലൈറ്റ് അടിച്ചുകാണിച്ചാല്‍ രക്ഷയ്ക്കെത്തും എന്ന തരത്തിലും വ്യാജപ്രചാരണം നടന്നിരുന്നു. 

കൊച്ചി: സൈന്യത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ ഫോർവേഡ് ചെയ്യരുതെന്ന് നിർദേശം. രാത്രിയില്‍ ഹെലികോപ്റ്ററുകള്‍ ചെങ്ങന്നൂരില്‍ എത്തിയെന്ന് പ്രചരിച്ചത് തെറ്റാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഫ്ളാഷ് ലൈറ്റ് അടിച്ചുകാണിച്ചാല്‍ രക്ഷയ്ക്കെത്തും എന്ന തരത്തിലും വ്യാജപ്രചാരണം നടന്നിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ആരും ഫോര്‍വേഡ് ചെയ്യരുതെന്ന് ബന്ധപ്പെട്ട ആർമി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

രാത്രിയില്‍ വ്യോമമാര്‍ഗം രക്ഷപ്രവര്‍ത്തനം പ്രതീക്ഷിച്ച് ചെങ്ങന്നൂര്‍ അടക്കമുള്ള അതീവ പ്രളയ ബാധിത മേഖലകളിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തുനിന്നത്. ചെങ്ങന്നൂര്‍ അടക്കമുള്ള മേഖലകളില്‍ രാത്രിയിൽ എയര്‍ലിഫ്റ്റിംഗ് സാധ്യമാല്ലാത്തതിനാൽ കാര്യമായ വ്യോമമാര്‍ഗ്ഗത്തിലുള്ള രക്ഷപ്പെടുത്തല്‍ നടന്നിരുന്നില്ല. ഇതിനുപിന്നാലെയാണ് ഹെലികോപ്റ്ററുകള്‍ ചെങ്ങന്നൂരില്‍ എത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിച്ചത്. എയര്‍ലിഫ്റ്റിനായി ആളുകൾ ആകാശത്തേക്ക് വെളിച്ചം തെളിയിക്കണം എന്നും സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.