ചെന്നൈ: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാലും ഇന്ത്യയുമായുള്ള ബന്ധം വഷളാകില്ലെന്ന് ഡെമോക്രാറ്റ് സെനറ്റര്‍ ജേ കൊഫ്മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം തകര്‍ത്ത് ആകെ സാമ്പത്തിക നില വഷളാക്കാന്‍ ട്രംപ് എന്നല്ല ഒരു അമേരിക്കന്‍ പ്രസിഡന്റും തയ്യാറാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ മൂല്യങ്ങള്‍ അംഗീകരിക്കുന്ന ആളാകണം പ്രസിഡന്റ് എന്നാണ് എന്റെ ആഗ്രഹം, എല്ലാവരും സമമാണ്എന്ന ചിന്തിക്കുന്ന ആളായിരിക്കണം അത്. 2008ലേയും 2012ലേയും പ്രസി‍ഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികള്‍ ട്രംപിനെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇത് അസാധാരണ സാഹചര്യമാണ്- ജേ കോഫ്മാന്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള സഹകരണം സര്‍ക്കാര്‍ സൈനിക തലത്തില്‍ മാത്രമല്ല സാമ്പത്തിക തലത്തില്‍കൂടിയാണ്. അത് തകിടം മറിച്ച് മുഴുവന്‍ സമ്പദ് വ്യവസ്ഥയേയും തകര്‍ക്കാന്‍ ഒരു പ്രസിഡന്റും ആഗ്രഹിക്കില്ല ജേ കോഫ്മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ 16 വ‍ര്‍ഷമായി യുടായില്‍നിന്നുള്ള സെനറ്ററാണ് കോഫ്മാന്‍. ജോര്‍ജ് ബുഷ് സീനിയറും ജൂനിയറും ട്രംപിനൊപ്പം നില്‍ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഇതുവരെ കാണാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാധ്യമങ്ങള്‍ വിവാദങ്ങള്‍ മാത്രം തേടിപ്പോയപ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ നടത്തിയ ശക്തമായ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയതായും ജേ കോഫ്മാന്‍ അഭിപ്രായപ്പെട്ടു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാലും ഇന്ത്യ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.