വാഷിംഗ്ടണ്‍: ബ്രക്‌സിറ്റിനെ പിന്തുണച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ ആദ്യ അഭിമുഖത്തിലാണ് ലോക രാജ്യങ്ങളുടെ നയങ്ങളെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ട്രംപിന്റെ നിരീക്ഷണം. അധികാരമേറ്റയുടന്‍ ബ്രിട്ടനുമായി വാണിജ്യ കരാറുണ്ടാക്കുമെന്നും ബ്രിട്ടീഷ് മുന്‍ നിയമ സെക്രട്ടറി മൈക്കല്‍ ഗോവുമായുള്ള അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. നാറ്റോ സഖ്യത്തിന്റെ പ്രവര്‍ത്തനത്തെ ശക്തമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്.
നാറ്റോയുടെ രീതികള്‍ കാലഹരണപ്പെട്ടെന്ന് പറഞ്ഞ ട്രംപ് നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ പ്രതിരോധത്തിനായി പണം മുടക്കാന്‍ രംഗത്ത് വരേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്‍റെ കുടിയേറ്റ നയത്തെയും ട്രംപ് വിമര്‍ശിച്ചു. ബറാക് ഒബാമയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് മിക്ക ചോദ്യങ്ങള്‍ക്കും ഡോണള്‍ഡ് ട്രംപ് നല്‍കിയത്.
