ജനപ്രതിനിധി സഭയുടെ ആസ്ഥാനമായ കാപിറ്റോള്‍ ഹില്ലിലെ പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഡോണള്‍ഡ് ട്രംപ് രാഷ്‌ട്രത്തലവനായി സ്ഥാനമേറ്റത്. മുന്‍ പ്രസിഡന്‍റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷും ബില്‍ക്ലിന്‍റണും കുടുംബത്തോടൊപ്പമെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ബരാക് ഒബാമയും ഭാര്യ മിഷേലും ക്യാപിറ്റോളിലേക്കുള്ള യാത്രയില്‍ ട്രംപിനെ അനുഗമിച്ചു. പ്രാര്‍ത്ഥനകള്‍ക്കും സംഗീതപരിപാടികള്‍ക്കും ശേഷം മൈക് പെന്‍സ് വൈസ്‌ പ്രസിഡന്‍റായി ആദ്യം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പിന്നാലെ ഡോണള്‍ഡ് ട്രംപിന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് ബൈബിളുകളില്‍ കൈ വച്ച് ട്രംപ് സത്യവാചകം ഏറ്റുചൊല്ലി. അമ്മ നല്‍കിയ ബൈബിളും മുന്‍ പ്രസിഡന്‍റ് എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ചിരുന്ന ബൈബിളുമാണ് ട്രംപ് ഉപയോഗിച്ചത് 


തുടര്‍ന്ന് ട്രംപ് ചടങ്ങിന്റെ ഉദ്ഘാടന പ്രസംഗം നടത്തി. അമേരിക്കന്‍ ദേശീയതയെന്ന വികാരത്തിലൂന്നിയായിരുന്നു 16 മിനിറ്റ് നീണ്ട കന്നിപ്രസംഗം. അധികാരം ജനങ്ങളിലേക്കായിരിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ജോലികള്‍ അമേരിക്കക്കാര്‍ക്കെന്ന ട്രംപിന്‍റെ ഉറപ്പ് വലിയ കൈയ്യടിയോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. 
ഇസ്മാമിക ഭീകരത തുടച്ച് നീക്കുമെന്നും അതിനെതിരെ ലോകത്തെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കാര്‍ ഒത്തൊരുമിച്ച് മുന്നേറണമെന്ന സന്ദേശം നല്‍കി വീ വില്‍ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ എന്ന തന്‍റെ പ്രചാരണ വാചകവും ആവര്‍ത്തിച്ചാണ് ട്രംപ് പ്രസംഗം അവസാനിപ്പിച്ചത്.