ജപ്പാനും ഓസ്ട്രേലിയയും അമേരിക്കയുമടക്കം 12 രാജ്യങ്ങൾ ഒപ്പിട്ടതാണ് ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് അഥവാ ടിപിപി വാണിജ്യക്കരാർ. രാജ്യങ്ങൾ തമ്മിലുള്ള സാന്പത്തിക സഹകരണവും വ്യാപാര ബന്ധവും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ളതായിരുന്നു കരാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ട്രംപ് ടിപിപിയെ നിശിതമായി വിമർശിച്ചിരുന്നു. ടിപിപി ദുരന്തമാണെന്നും കൂടുതൽ മികച്ച വാണിജ്യ കരാറുകൾക്കായി ശ്രമിക്കുമെന്നും വിഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
ഊർജ്ജോത്പാദനത്തിൽ കടുത്ത നിയന്ത്രണങ്ങളൊഴിവാക്കി കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കും. വിസ ദുരുപയോഗം ചെയ്ത് കുടിയേറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ നടപടിയെടുക്കും. വ്യവസായങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ഉദാരമാക്കും എന്നും ട്രംപ് സന്ദേശത്തിൽ പറഞ്ഞു.എന്നാൽ പ്രചാരണത്തിൽ എതിരാളിക്കെതിരെ ആയുധമാക്കിയ ഒബാമകെയറിനെക്കുറിച്ചോ ,മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനെക്കുറിച്ചോ സന്ദേശത്തിൽ പറയുന്നില്ല.
അമേരിക്ക പിൻവാങ്ങിയാലും മറ്റ് രാജ്യങ്ങൾ ടിപിപിയുമായി മുന്നോട്ട് പോകുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ പ്രതികരിച്ചു. എന്നാൽ അമേരിക്ക പിൻവാങ്ങിയാൽ കരാറിന് അർത്ഥമില്ലാതാകുമെന്നാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുടെ പ്രതികരണം.
കരാർ വഴി അമേരിക്കൻ വിപണിയിൽ വൻ മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വിയറ്റ്‍നാം ,മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് തിരിച്ചടിയാണ് ട്രംപിന്‍റെ നീക്കം.
