കൊല്‍ക്കത്ത: ഹിന്ദുക്കളുടെ അധോഗതിക്ക് മറ്റാരേയും കുറ്റം പറയേണ്ടതില്ലെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. കൊല്‍ക്കത്ത പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ആര്‍.എസ്.എസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മുഗളന്മാരെയും ബ്രിട്ടീഷുകാരെയും പഴിക്കേണ്ടതില്ല. ഹിന്ദുക്കള്‍ ദുര്‍ബലരായി പോയതു കൊണ്ടാണ് ഈ അവസ്ഥ വന്നു ചേര്‍ന്നത്. മൂന്നിലൊന്ന് ധനവും സമയവും സംഘടനക്ക് നല്‍കി സമാജത്തെ കരുത്തുറ്റതാക്കാന്‍ എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്നും ഭഗവത് ആവശ്യപ്പെട്ടു.
ഹിന്ദു സമാജം സ്ഥാപിക്കുന്നതിനായുള്ള ഉറച്ച തീരുമാനം സ്വീകരിക്കേണ്ടതുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തനം ആര്‍ക്കും എതിരെയല്ല. എന്നാല്‍, എല്ലാക്കാലത്തേ പോലെ രാഷ്ട്രീയക്കാര്‍ നമ്മുടെ ഉദ്ദേശങ്ങളെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഭഗവത് പറഞ്ഞു.
മുഗളന്മാരെയോ ബ്രിട്ടീഷുകാരെയോ ഹിന്ദുക്കളുടെ അധോഗതിക്ക് കുറ്റപ്പെടുത്തേണ്ടതില്ലെന്ന് നമ്മുടെ മുന്‍കാല നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഒന്നിച്ച് നില്‍ക്കാത്തതാണ് ഇതിനെല്ലാം കാരണം. ഇന്ത്യയില്‍ പോലും ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ മതപരമായ സ്വാതന്ത്ര്യമുണ്ടോ എന്ന് ഭഗവത് ചോദിച്ചു. അങ്ങനെ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെടുന്നതില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നതെന്നും ആർഎസ്എസ് അധ്യക്ഷൻ വ്യക്തമാക്കി.
