റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊതുവേദിയില്‍ യോഗ അഭ്യസിപ്പിച്ച മുസ്ലിം യുവതിക്ക് വധഭീഷണി. ബാബാ രാംദേവ് ഇരിക്കുന്ന വേദിയില്‍ യോഗ പരിചയപ്പെടുത്തുന്ന റഫിയ നാസ് എന്ന് യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവതിക്കെതിരെ വധഭീഷണയുമായി ചിലര്‍ എത്തിയത്.

യോഗ അഭ്യസിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഷിയ വിഭാഗം റഫിയക്കെതിരെ ഫത്വയും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ യുവതിയെ പിന്തുണച്ച് ബാബ രാംദേവ് രംഗത്തെത്തി. യോഗയെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടരുതെന്ന് രാംദേവ് ആവശ്യപ്പട്ടു. ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളില്‍ നിരവധി സ്ത്രീകള്‍ യോഗ അഭ്യസിക്കുന്നവരാണ്. മതവും യോഗയുമായി യാതൊരു ബന്ധവുമില്ലെന്നും രാംദേവ് പറഞ്ഞു.

അതേസമയം യോഗ നിര്‍ത്തണമെന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും ജീവിതാവസാനം വരെ യോഗ തുടരുമെന്നും റഫിയ പറഞ്ഞു. റാഞ്ചിയിലെ ഡൊറന്‍ഡ സ്വദേശിനിയായ റഫിയ എംകോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.