ബിജെപിപിക്കെതിരെ ശിവസേന മോദിയ്ക്കെതിരെ പരിഹാസം ശിവസേന മുഖപത്രത്തിലാണ് വിമര്‍ശനം

മുംബൈ: അടുത്തിടെ നടന്ന ഉപതെര‍്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ പരാജയത്തെയും മോദിയെയും പരിഹസിച്ച് ശിവസേനയുടെ മുഖപത്രം സാമന. സാമനയിലെ മുഖപ്രസംഗത്തിലാണ് ബിജെപിയെയും മോദിയെയും കണക്കിന് വിമര്‍ശിച്ചിരിക്കുന്നത്. ശിവസേനയ്ക്ക് ജയിക്കാന്‍ പോസ്റ്റര്‍ ബോയ്സിന്‍റെ ആവശ്യമില്ലെന്ന് മോദിയെ ലക്ഷ്യം വച്ച് പരിഹസിച്ച മുഖപ്രസംഗം ശിവസേന വളരുന്നത് പൊതുജനങ്ങളുമായുള്ള ബന്ധത്തിലൂടെയാണെന്നും തുറന്നടിച്ചു.

കേന്ദ്ര സര്‍ക്കാരിന് ജനങ്ങളുമായി ബന്ധമില്ല, അതാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു. വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ചാണ് ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണം. നേതാക്കളെ പ്രചരണത്തിന് ഉപയോഗിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതും ആ മാനദണ്ഡത്തിലാണെന്നും ശിവസനേ ആരോപിച്ചു. 

ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെയും മറ്റു സഖ്യകക്ഷികളെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറേയുമായി കൂടികാഴ്ച നടത്താനിരിക്കെയാണ് മുഖപത്രത്തിലൂടെ വിമര്‍ശനം. ബിജെപിയുമായി ഇനി ബന്ധമില്ലെന്ന് വ്യക്തമാക്കുകയാണ് ശിവസേന. നേരത്തെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.