സംസ്ഥാനങ്ങൾ പദ്ധതിയുടെ പേരിൽ രാഷ്ട്രീയം കളിക്കുകയല്ല, കേന്ദ്രസർക്കാരിന് എത്രയും പെട്ടെന്ന് ഗുണഭോക്താക്കളുടെ പട്ടിക എത്തിക്കുകയാണ് വേണ്ടതെന്ന് മോദി.
ഗോരഖ്‍പൂർ: കർഷകർക്ക് ആറായിരം രൂപ അക്കൗണ്ടിൽ 6000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് മോദിയുടെ മുന്നറിയിപ്പ്. രാഷ്ട്രീയലാഭമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന് എത്രയും പെട്ടെന്ന് ഗുണഭോക്താക്കളുടെ പട്ടിക എത്തിക്കുകയാണ് വേണ്ടതെന്നും മോദി വ്യക്തമാക്കി. ഗോരഖ്‍പൂരിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആദ്യഗഡു വിതരണത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.
'ആരെങ്കിലും പദ്ധതിയെച്ചൊല്ലി രാഷ്ട്രീയം കളിച്ചാൽ കർഷകരുടെ ശാപം മൂലം അവരുടെ രാഷ്ട്രീയം തകരും. ആരെങ്കിലും പറയുന്നത് കേട്ട് വഴി തെറ്റരുതെന്നാണ് എനിക്ക് കർഷകരോട് പറയാനുള്ളത്.', മോദി പറഞ്ഞു. ഈ പദ്ധതിയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞപ്പോൾ ഈ പ്രതിപക്ഷം വാ പൂട്ടി മിണ്ടാതിരിക്കുകയായിരുന്നില്ലേ എന്നും മോദി ചോദിച്ചു.
കിസാൻ സമ്മാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തെച്ചൊല്ലി കൃഷി മന്ത്രി വി എസ് സുനിൽകുമാറും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും തമ്മിൽ വാക്പോരുണ്ടായിരുന്നു. സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി കോട്ടയത്ത് നിർവ്വഹിച്ചപ്പോൾ സംസ്ഥാന സർക്കാർ പ്രതിനിധികളെ വിളിക്കാതെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കഴക്കൂട്ടത്ത് സമാന്തര ഉദ്ഘാടനം നടത്തി. കണ്ണന്താനത്തിൻറെ നടപടി രാഷ്ട്രീയ അല്പത്തമാണെന്ന് വി എസ് സുനിൽകുമാർ വിമർശിച്ചു. എന്നാൽ സുനിൽകുമാറിന്‍റെ വിമർശനത്തിന് ആ ഭാഷയിൽ മറുപടി നൽകാനില്ലെന്നായിരുന്നു കണ്ണന്താനത്തിന്‍റെ മറുപടി.
കർഷകർക്ക് 17 ലക്ഷം സോളാർ വാട്ടർ പമ്പുകൾ നൽകുമെന്നും അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി സർക്കാർ വാങ്ങുമെന്നും മോദി വാഗ്ദാനം ചെയ്തു.
കർഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നേരിട്ട് നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉത്തർപ്രദേശിലെ ഗോരഖ്‍പൂരിലാണ് മോദി ഉദ്ഘാടനം ചെയ്തത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
2 ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് മൂന്ന് തവണകളായാണ് ആറായിരം രൂപ എത്തിക്കുന്നത്. ആദ്യ ഇൻസ്റ്റാൾമെന്‍റായ രണ്ടായിരം രൂപ ഏതാണ്ട് ഒരു കോടി കർഷകർക്ക് ഡിജിറ്റലായി നേരിട്ട് എത്തിക്കുന്ന പ്രക്രിയയാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
