തൊഴിലാളികളിലൊരാളുടെ മൃതദേഹം വെള്ളത്തിനടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നേവി അവസാനിപ്പിച്ചു. 160 അടി താഴ്ചയില്‍ കിടക്കുന്ന മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നതാണ് ശ്രമം ഉപേക്ഷിക്കാന്‍ കാരണം.

ദില്ലി: മേഘാലയയിലെ കിഴക്കൻ‌ ജയന്തിയ മലനിരകളിലെ ഖനിയിൽ കുടുങ്ങിപ്പോയ ഖനിത്തൊഴിലാളികളെക്കുറിച്ചുള്ള തെരച്ചിൽ അവസാനിപ്പിക്കില്ലെന്ന് മേഘാലയ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ കിഴക്കന്‍ ജയന്തിയ ഹില്‍സിലുള്ള ഖനിയില്‍ ഡിസംബര്‍ 13നാണ് 15 തൊഴിലാളികള്‍ അകപ്പെട്ടു പോയത്. ഇവരിലൊരാളുടെ മൃതദേ​ഹം മാത്രമേ ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ.

നിലവില്‍ ദേശീയ ദുരന്ത നിവാരണസേനയും ഒഡീഷ അഗ്നിശമന സേനയും നേവിയും ചേര്‍ന്നാണ് ഖനിക്കുള്ളിൽ തെരച്ചില്‍ നടത്തുന്നത്. തൊട്ടടുത്ത നദിയിൽ നിന്ന് വെള്ളം ഖനിക്കുള്ളിൽ കടക്കുന്നതിനാൽ‌ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് സൈനികർ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച തൊഴിലാളികളിലൊരാളുടെ മൃതദേഹം വെള്ളത്തിനടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നേവി അവസാനിപ്പിച്ചു. കാരണം 160 അടി താഴ്ചയില്‍ കിടക്കുന്ന മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നതാണ് ശ്രമം ഉപേക്ഷിക്കാന്‍ കാരണം.

ഖനിയ്ക്ക് പുറത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം തൊഴിലാളികളുടെ കുടുംബാംഗങ്ങളും 35 ദിവസമായി കാത്തിരിക്കുകയാണ്. ജീവനോടെ തിരിച്ചുകിട്ടില്ലെങ്കിലും ഉറ്റവരുടെ മൃതദേഹങ്ങളെങ്കിലും തിരിച്ചെടുത്ത് തരണമെന്നാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഡിസംബര്‍ 26ന് ശേഷം 2 കോടി ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു. എങ്കിലും ഖനിയില്‍ ജലനിരപ്പ് കുറയാത്ത സ്ഥിതിയാണുള്ളത്. അന്വേഷണം ഊർജ്ജിതമാക്കാൻ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കർശനമായി ആവശ്യപ്പെട്ടിരുന്നു.