നേതാക്കളെ അഭിവാദ്യം ചെയ്യുമ്പോള്‍ നല്‍കുന്ന പൂമാലകളും ഷാളുകളും ഒഴിവാക്കാനും പകരം പുസ്തകങ്ങള്‍ നല്‍കാനും നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചെന്നൈ: അണികള്‍ക്ക് വിപ്ലവകരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സ്റ്റാലിന്‍ നേതൃത്വം. പാര്‍ട്ടി പ്രസിഡന്‍റ് ആയി ചുമതലയേറ്റ സ്റ്റാലിന്‍റെ കാല് തൊട്ട് വന്ദിക്കരുതെന്നാണ് നിര്‍ദ്ദേശം. നേതാവിനെ കാണുമ്പോള്‍ ഇനി മുതല്‍ അഭിവാദ്യം ചെയ്യാന്‍ കാലു തൊട്ട് വന്ദിക്കരുത്. അത് സ്വാഭിമാനത്തിന് എതിരാണെന്നും ഡിഎംകെ അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ദ്രാവിഡ മുന്നേറ്റത്തിന്റെ അടയാളമായ സ്വാഭിമാനം, നീരിശ്വരവാദം എന്നിവയ്ക്ക് എതിരാണ് നേതാവിന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നത്. ഒരു നല്ല രാഷ്ട്രീയ സംസ്കാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബഹുമാനിക്കാന്‍ നേരില്‍ കാണുമ്പോള്‍ സ്നേഹത്തോടെ ആശംസ (വണക്കം) നേരാമെന്നും ഡിഎംകെ ഹെഡ്ക്വാര്‍ട്ടേഴ്സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ജനുവരിയില്‍ വര്‍ക്കംഗ് പ്രസിഡന്‍റ് ആയി ചുമതലയേറ്റ ഉടന്‍ തന്നെ സ്റ്റാലിന്‍ അണികള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ഡിഎംകെ വ്യക്തമാക്കി.
നേതാക്കളെ അഭിവാദ്യം ചെയ്യുമ്പോള്‍ നല്‍കുന്ന പൂമാലകളും ഷാളുകളും ഒഴിവാക്കാനും പകരം പുസ്തകങ്ങള്‍ നല്‍കാനും നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വായിക്കാന്‍ തമിഴ്നാട്ടിലെ അങ്ങോളമിങ്ങോളമുള്ള ഗ്രന്ഥശാലകളിലേക്ക് നല്‍കുമെന്നും ഡിഎംകെ അറിയിച്ചു. ഗതാഗത തടസ്സമുണ്ടാക്കുന്നതും ജനങ്ങള്‍ക്ക് ശല്യമാകുന്നതുമായ പാര്‍ട്ടി ഫ്ലക്സ് ബോര്‍ഡുകള്‍ ഒഴിവാക്കാനും നേതൃത്വം ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായി എഐഎഡിഎംകെ അണികള്‍ തുടര്‍ന്നു പോരുന്ന ശീലത്തെ അപ്പാടെ തള്ളുന്നതാണ് ഡിഎംകെയുടെ തീരുമാനം. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കാല്‍തൊട്ട് വന്ദിച്ചാണ് പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാക്കള്‍പോലും അവരോടുള്ള ബഹുമാനം സൂചിപ്പിച്ചിരുന്നത്. ഇതിനെ ഡിഎംകെ നേരത്തേയും എതിര്‍ത്തിരുന്നു
