നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടത് ദിലീപ്, തെളിവ് നല്‍കാമെന്ന് പ്രതികളിലൊരാള്‍

First Published 29, Mar 2018, 8:26 AM IST
dor attacking actress dileep plotted plan alleges accused
Highlights
  • നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടത് ദിലീപ്, തെളിവ് നല്‍കാമെന്ന് പ്രതികളിലൊരാള്‍
  • നേരത്തെ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും സംവിധായകന്‍ ലാലുമെന്നും  രണ്ടാംപ്രതി മാര്‍ട്ടിന്‍ ആരോപിച്ചു

കൊച്ചി:  യുവനടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ നടന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന് തെളിവ് നല്‍കാമെന്ന് പ്രതികളില്‍ ഒരാള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറും തമ്മില്‍ പലപ്പോഴായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പൊലീസിന് നല്‍കാമെന്ന് പ്രതി സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ജയിലില്‍ കഴിയുന്ന പ്രതി അടുത്ത ബന്ധു മുഖേനയാണ് വിവരമറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

പ്രതിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയെന്നാണ് സൂചനകള്‍. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പു സാക്ഷിയാക്കുന്ന പതിവില്ലാത്തതു കൊണ്ടാണ് പ്രതികളിലൊരാളുടെ കൂറുമാറ്റത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടുന്നത്. പ്രോസിക്യൂഷന്റെ തന്ത്രമായാണ് ആദ്യം ഈ നീക്കത്തെ പൊലീസ് കണ്ടത്. പിന്നീട് പ്രതി കൈമാറിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം നിയമോപദേശം തേടുന്നതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും സംവിധായകന്‍ ലാലുമെന്നും  രണ്ടാംപ്രതി മാര്‍ട്ടിന്‍. ദിലീപിനെ കുടുക്കാന്‍ ഇവര്‍ ഒരുക്കിയ കെണിയാണ് കേസെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍.  

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ പറഞ്ഞു. കോടതിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.നിരപരാധിയായ എന്നെപോലുള്ള ഒരുപാട് പേരെ ചതിച്ചാണ് ഇതെല്ലാം നടത്തിയത്. കുറേ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. കോടതിയില്‍ വിശ്വാസവുമുണ്ട്. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്നാണ് വിശ്വാസം-മാര്‍ട്ടിന്‍ പറയുന്നു. 

loader