തായ്വാന്‍: കെട്ടിടങ്ങളുടെ നില്‍പ്പ് മാറ്റിയും അ‍ഞ്ചുപേരുടെ ജീവനെടുത്തും തായ്വാനില്‍ വന്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ അഞ്ചുപേർ മരിച്ചു. 247 പേർക്കു പരുക്കേറ്റു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തൊള്ളായിരത്തോളം പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം വീടുകളിൽ വൈദ്യുതിബന്ധം മുറിഞ്ഞു. 

ചെരിഞ്ഞു നിലംപതിക്കാറായ അവസ്ഥയിലുള്ള കെട്ടിടങ്ങളിൽനിന്ന് അതീവ സാഹസികമായാണു രക്ഷാപ്രവർത്തനം നടക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിനു പിന്നാലെ നൂറോളം ചെറിയ തുടർ പ്രകമ്പനങ്ങളുണ്ടായതും രൂക്ഷത വർധിപ്പിച്ചു.

തായ്‌വാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ  ഹുവാലിനെയാണ് പ്രധാനമായും ഭൂകമ്പം ബാധിച്ചത്. ഇതുവരെ 17 ടൂറിസ്റ്റുകൾ മെഡിക്കൽ സഹായം തേടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1999ലായിരുന്നു ഇതിനുമുൻപു തായ്‌വാനെ തകര്‍ത്ത ഭൂകമ്പം. അന്ന് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2400ലേറെപ്പേരാണു കൊല്ലപ്പെട്ടത്.