പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഭീകരാക്രമണം. പൊലീസ് ട്രെയിനിംഗ് ക്യാംപിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മരണം 59 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റു. മൂന്ന് ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ സൈന്യം അവകാശപ്പെട്ടു.
തലസ്ഥാനമായ ക്വറ്റയ്ക്ക് ഇരുപത് കിലോമീറ്റർ മാറി ബലൂചിസ്ഥാൻ പൊലീസ് അക്കാദമിയിലാണ് സംഭവം. പാക്കിസ്ഥാൻ പൊലീസ് സേനയുടെ പരിശീലന കേന്ദ്രത്തിൽ ആയുധധാരികളായ അഞ്ച് ഭീകരർ അർദ്ധരാത്രിയോടെ അതിക്രമിച്ച് കയറി. കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച ഇവർ 250 ഓളം വരുന്ന ട്രെയിനികൾക്ക് നേരെ വെടിയുതിർത്തു. സംഭവമറിഞ്ഞ ഉടനെ പാക്കിസ്ഥാൻ പൊലീസും അർദ്ധസൈനിക വിഭാഗവും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട ആക്രമണത്തിൽ 59 പേർ മരിച്ചു. 118 പേർക്ക് പരിക്കേറ്റിറുണ്ട്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ നിയന്ത്രണം പാകിസ്ഥാൻ സൈന്യം ഏറ്റെടുത്തെങ്കിലും ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അഫ്ഗാൻ ബന്ധമുള്ള ലഷ്കർ ഇ ജ്വാംഗി യാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് ബലൂചിസ്ഥാൻ ആഭ്യന്തവകുപ്പിന്റെ ആരോപണം. ഇസ്ലാമിക് ഭീകകരും സ്വതന്ത്ര ഭരണസംവിധാനമെന്ന ആവശ്യം ഉന്നയിച്ച് വിഘടനവാദികളും സ്ഥിരം ഏറ്റുമുട്ടുന്ന ബലൂചിസ്ഥാനിൽ പൊലീസ് പരിശീലന കേന്ദ്രത്തിൽ തന്നെയുണ്ടായിരിക്കുന്ന അക്രമണം പാക്കിസ്ഥാൻ സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
