ഫലൂജ തിരികെ പിടിക്കാന്‍ ആയിരക്കണക്കിന് ഇറാഖി സൈനികരും തദ്ദേശീയ സായുധഗ്രൂപ്പിലെ പോരാളികളും ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇവര്‍ക്ക് വ്യോമപിന്തുണ നല്‍കാന്‍ അമേരിക്കന്‍ സഖ്യസേനയുടെ വിമാനങ്ങള്‍ ബോംബിംഗും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 20 ഓളം ആക്രമണങ്ങള്‍ നടത്തിയെന്നും ഇതില്‍ 70 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നുമാണ് അമേരിക്കന്‍ സൈന്യം പുറത്ത് വിട്ടിരിക്കുന്ന വിവരം. 

കൊല്ലപ്പെട്ടവരില്‍ ഐഎസിന്‍റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മെഹര്‍ അല്‍ ബിലാവിയും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ന് ഫലൂജ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം തിരികെ പിടിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് അമേരിക്കന്‍ സൈന്യം നല്‍കുന്ന വിവരം. 50,000ത്തോളം സാധാരണക്കാര്‍ ഇപ്പോഴും നഗരത്തില്‍ അകപ്പെട്ടിരിക്കുകയാണ്. 

ഐഎസിന് വേണ്ടി പോരാടാന്‍ തയ്യാറാകാത്തവരെയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെയും തീവ്രവാദികള്‍ വധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തിന്റെയും അവശ്യസാധനങ്ങളുടെയും ദൗര്‍ലഭ്യവും ഇവരെ വലയ്ക്കുന്നു. 2014ലാണ് ഫലൂജ ഈസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ടത്.