കഫീല്‍ ഖാന്‍റെ സഹോദരന്‍ ഖാഷിഫ് ജമീലിന് വെടിയേറ്റു ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍

ലക്നൗ: അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ആശുപത്രിയിലായ, ഡോക്ടർ കഫീൽ ഖാന്റെ സഹോദരൻ ഖാഷിഫ് ജമീലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ആശുപത്രി അധികൃതർ.ഖാഷിഫിനു നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇന്നലെ രാത്രിയോടെയാണ് വെടിയുതിർത്തത്. കൈയ്യിലും താടിയിലും കഴുത്തിലുമായി വെടിയേറ്റ ഖാഷിഫിന്റെ നില ഗുരുതരമായിരുന്നു. ഇതിനിടയിൽ നടപടി ക്രമങ്ങളുടെ പേരിൽ പൊലീസ് ഖാഷിഫിന്റെ ശസ്ത്രക്രിയ മനപ്പൂർവ്വം വൈകിച്ചുവെന്ന്‌ ആരോപണങ്ങളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഖാഷിഫിന്റെ നില ഗുരുതരമാണെന്നും ശസ്ത്രക്രിയ നടത്തി വളരെ വേഗം ബുള്ളറ്റുകൾ പുറത്തെടുക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടും നിയമനടപടികൾ പൂർത്തിയാക്കാനുണ്ടെന്ന പേരിൽ മൂന്നു മണിക്കൂറോളം അവർ ഖാഷിഫിന്റെ ശസ്ത്രക്രിയ വൈകിപ്പിച്ചു"വെന്ന് കഫീലിന്റെയും ഖാഷിഫിന്റെയും സഹോദരനായ ആദീൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. 

ബി ആർ ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ നിസ്വാർഥമായ സേവനം നടത്തിയ കഫീൽ ഖാനെ യുപി ഗവണ്മെന്റ് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരുന്നു. നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചതിന്റെ പ്രതികാരമായാണ് തനിക്കും തന്റെ കുടുംബത്തിനും നേരെ ആക്രമണം അഴിച്ചു വിടുന്നത് എന്ന് കഫീൽ ഖാൻ പറഞ്ഞു.