മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ കസ്റ്റഡിയിലായ ഭൂരിഭാഗം പേരെയും പോലീസ് വിട്ടയച്ചു. ഗതാഗത നിയന്ത്രണങ്ങൾ പിൻവലിക്കുകയും മെട്രോ, ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിലുള്ള യു.എൻ ആശങ്ക ഇന്ത്യ തള്ളി.
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് വിദ്യാർത്ഥി സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെത്തുടർന്ന് ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ഭൂരിഭാഗം പേരെയും പൊലീസ് വിട്ടയച്ചു. സിജെപി നേതാക്കൾ ഒഴികെ തടങ്കൽ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും മോചിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിയമനടപടികൾ തുടരുന്നതിനാൽ സി.ജെ.പി നേതാക്കൾ കസ്റ്റഡിയിൽ തന്നെ തുടരും.
അതിനിടെ, കസ്റ്റഡിയിലുള്ള അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി മരണപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നുവെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പോലീസ് വ്യക്തമാക്കി. സമരത്തെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ പിൻവലിച്ചു. നാളെ മുതൽ ട്രെയിനുകൾ സാധാരണ നിലയിൽ സർവീസ് നടത്തുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. ഡൽഹി മെട്രോയുടെ അടച്ചിട്ടിരുന്ന 45 സ്റ്റേഷനുകളും വീണ്ടും തുറന്നുവെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി.
ദില്ലിയിലെ പ്രതിഷേധക്കാരെയും നേതാക്കളെയും മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന ആശങ്ക പ്രകടിപ്പിച്ചു. സമാധാനപരമായ കൂടിച്ചേരലുകൾക്കുള്ള അവകാശം ഹനിക്കരുതെന്നും, അമിതാധികാരപ്രയോഗം ഒഴിവാക്കി ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച് ചർച്ചകൾ നടത്തണമെന്നും യു.എൻ ആവശ്യപ്പെട്ടു. എന്നാൽ യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ പ്രസ്താവന കേന്ദ്രസർക്കാർ തള്ളി. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ക്രമസമാധാന പാലനത്തിനായി ഏതൊരു രാജ്യത്തെയും പോലെ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് അവകാശമുണ്ട്. ലോകത്ത് നടക്കുന്ന മറ്റു പല പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന യു.എൻ നിലപാടിനെയും ഇന്ത്യ വിമർശിച്ചു.


