തിരുവനന്തപുരം: ഫ്രീയായി കാട്ടിയാല്‍ പോലും നാടകത്തിന് ആളുകയറാത്ത കാലത്ത് പ്രേക്ഷകന്‍ ടിക്കറ്റെടുത്ത് തിയേറ്റര്‍ ഹൗസ്ഫുള്ളാക്കുന്നത് വിശ്വസിക്കാനാകുമോ? ആ അപൂര്‍വ്വതയ്ക്ക് സാക്ഷ്യമാവുകയാണ് 'വീണ്ടും ഭഗവാന്റെ മരണം'. തിരുവനന്തപുരം കേന്ദ്രമായ കനല്‍ സാംസ്‌കാരിക വേദിയാണ് കെആര്‍ മീരയുടെ 'ഭഗവാന്റെ മരണം' ചെറുകഥ നാടകമാക്കി മാജിക്ക് കാട്ടിയിരിക്കുന്നത്.

എംഎം കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെ ഹിന്ദുതീവ്രവാദത്തിന്റെ ഇരകളാകുന്ന കാലത്തെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് നാടകത്തിന്റെ ചര്‍ച്ചാവിഷയം. ഭഗവത്ഗീത കത്തിക്കാന്‍ ആഹ്വാനം ചെയ്‌തെന്ന പേരില്‍ കന്നഡ പ്രൊഫസറെ കൊല്ലാനെത്തുന്ന തീവ്രവാദിയുടെ മാനസിക പരിവര്‍ത്തനം നാടകമാക്കാനൊരുങ്ങുന്ന സംഘമാണ് കഥാപാത്രങ്ങള്‍. ഫാസിസത്തിന്റെ ഭീകരത പ്രേക്ഷകനെ റിയലിസ്റ്റിക്കായി ബോധ്യപ്പെടുത്തിയാണ് നാടകം അവസാനിക്കുന്നത്. 

നാടകത്തിന് സ്ഥിരം പ്രേക്ഷകരുള്ള തിരുവനന്തപുരത്ത് ആ സര്‍ക്കിളിനപ്പുറത്തേക്ക് കടക്കാനായതാണ് 'വീണ്ടും ഭഗവാന്റെ മരണ'ത്തിന്റെ വിജയമെന്ന് സംവിധായകന്‍ ഹസീം അമരവിള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. നാടകം ടിക്കറ്റെടുത്ത് കാണേണ്ടതാണെന്ന ബോധ്യം പ്രേക്ഷകനുണ്ടായി. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച രണ്ടുദിവസവും സീറ്റില്ലാതെ ആളുകള്‍ക്ക് മടങ്ങേണ്ടി വന്നത് വലിയ കാര്യമാണെന്നും ഹസീം പറഞ്ഞു.

കണ്ടിറങ്ങിയ ശേഷവും വിടാതെ പിന്തുടരുന്ന അവതരണശൈലിയാണ് നാടകത്തിന്. ഫാസിസത്തെക്കുറിച്ച് നാടകത്തിലൂടെ പറയുന്നതിനപ്പുറം പരീക്ഷണത്തിലൂടെ അത് അനുഭവവേദ്യമാക്കുകയാണ് ചെയ്യുന്നത്. സനല്‍കുമാര്‍ ശശിധരന്റെ 'എസ് ദുര്‍ഗ'യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണന്‍ നായര്‍, 'ഒഴിവുദിവസത്തെ കളി'യിലെ നടന്‍ അരുണ്‍ നായര്‍ എന്നിവര്‍ക്കുപുറമേ പ്രേംജിത്ത്, സന്തോഷ് വെഞ്ഞാറമൂട്, ചിഞ്ചു, രേഷ്മ, ശില്‍പ, വിജുവര്‍മ്മ എന്നിവരാണ് അരങ്ങില്‍. പ്രദര്‍ശിപ്പിച്ച ദിവസങ്ങളിലെ പ്രേക്ഷക പ്രതികരണത്തെ തുടര്‍ന്ന് കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കാനായി ഇന്ന് വൈകിട്ട് ആറിന് തൈക്കാട് സൂര്യ ഗണേശം ബ്ലാക് ബോക്‌സ് തിയേറ്ററില്‍ നാടകം വീണ്ടും അവതരിപ്പിക്കും.