Asianet News MalayalamAsianet News Malayalam

എസ്.ദുര്‍ഗയുടെ പ്രചരണവുമായി നാടകവണ്ടി

  • നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമ 'എസ്. ദുര്‍ഗ' 23 ന് പ്രദര്‍ശനത്തിനെത്തുകയാണ്.
Dramatist with the drama campaign

തൃശൂര്‍: 'പിടിച്ചുകെട്ടടാ ഇവനെ' അലര്‍ച്ചയോടെ മുടിയും താടിയും വളര്‍ത്തിയ ഒരാളെ തറയിലിട്ട് കീഴ്‌പ്പെടുത്തുകയാണ് മറ്റൊരാള്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിന് മുമ്പിലെ നടപ്പാതയിലായിരുന്നു രംഗം. കണ്ടവരില്‍ ചിലര്‍ ഭയന്നകന്നു. ചിലര്‍ മൊബൈലില്‍ പകര്‍ത്തി. '' സെന്‍സര്‍ ചെയ്തു കളയും ഞാന്‍ '' കീഴ്‌പ്പെടുത്തിയ ആള്‍ പറയുന്നത് ആള്‍ക്കാര്‍ക്ക് മനസ്സിലായില്ല. അല്‍പം കഴിഞ്ഞ് അടിപിടിയില്‍ ഉണ്ടായിരുന്ന താടിവെച്ച ഒരാള്‍ കൂടിനില്‍ക്കുന്നവരെ പരിചയപ്പെട്ടു. ഞാന്‍ സനല്‍കുമാര്‍ ശശിധരന്‍. എസ്. ദുര്‍ഗ എന്ന സിനിമയുടെ സംവിധായകനാണ്. 

ഇത് സിനിമയില്‍ അഭിനയിച്ചവര്‍. പ്രധാന കഥാപാത്രമായ ഉന്മാദിയെ ചൂണ്ടിക്കാട്ടി സനല്‍കുമാര്‍ പറഞ്ഞു. ഇത് ഷൂട്ടിങ് കഴിഞ്ഞ അടുത്ത സിനിമയിലെ നായകന്‍''. അപ്പോഴാണ് ഉദ്യോഗം മാറി കൂടിയിരിക്കുന്നവരില്‍ ചിരി പടര്‍ന്നത്.  എസ്. ദുര്‍ഗ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ തെരുവുനാടകാവതരണത്തിന് 'സിനിമ വണ്ടി' യുമായി എത്തിയവരായിരുന്നു അവര്‍. എസ്. ദുര്‍ഗ സിനിമയില്‍ അഭിനയിച്ച അരുണ്‍, വേദ് തുടങ്ങിയവരും തെരുവുനാടകത്തില്‍ അഭിനയിച്ചു. 

നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമ 'എസ്. ദുര്‍ഗ' 23 ന് പ്രദര്‍ശനത്തിനെത്തുകയാണ്. സാമ്പത്തിയ ബാധ്യത വരാതിരിക്കാന്‍ പ്രാദേശിക ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണ് സിനിമ വിതരണത്തിനെത്തുന്നത്. കാഴ്ച ചലച്ചിത്രവേദി. നിവ്  ആര്‍ട്ട് മൂവീസ് എന്നിവരാണ് നിര്‍മാണത്തിനും വിതരണത്തിനും സഹായിച്ചത്. സിനിമയുടെ പേരിന്റെ വിവാദം മറികടന്ന് പ്രതിബന്ധങ്ങള്‍  തരണം ചെയ്തതായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ഉള്‍നാടന്‍ തിയറ്ററുകള്‍ ഉള്‍പ്പെടെ  40 തിയറ്ററുകളിലാണ് റിലീസ്. 

കെ.എസ്.എഫ്.ഡി.സി ഇപ്പോള്‍ തിരുവനന്തപുരം, ആലപ്പുഴ, പരവൂര്‍ എന്നിവിടങ്ങളില്‍ ഓരോ ഷോ തന്നിട്ടുണ്ട്. ബദല്‍ സിനിമകള്‍ക്ക് ഫിലിം ഫെസ്റ്റിവലുകളായിരുന്നു ആശ്രയം. ഫിലിം ഫെസ്റ്റവലുകളില്‍ നിന്ന് ദുര്‍ഗ ഒഴിവാക്കിയതിനാല്‍ ഇത്തരം ബദല്‍ പ്രദര്‍ശനങ്ങളാണ് ആശ്രയം. ആളുകള്‍ സിനിമ കാണാന്‍ എത്തിയാല്‍ മതിയല്ലോ. അടുത്ത സിനിമ  പൂര്‍ത്തിയായിക്കഴിഞ്ഞു. 'ഉന്മാദിയുടെ മരം'. അതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നേരിട്ടിരുന്നു. പതുക്കെയാവും ആ സിനിമയുടെ റിലീസെന്നും സനല്‍ കുമാര്‍ ശശിധരന്‍ കൂടിനിന്നവരോടായി പറഞ്ഞു. ശേഷം അവര്‍ അടുത്ത നാടകാവതരണ സ്ഥലത്തേക്ക് യാത്രയായി.


 

Follow Us:
Download App:
  • android
  • ios