നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സൗദിയില്‍ എത്തിയ വിദേശ നിക്ഷേപം 2015 ലെ ആദ്യ മൂന്നുമാസങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്‍പതു ശതമാനം വര്‍ദ്ധിച്ചതായി ഇതേക്കുറിച്ചുള്ള പഠന റിപ്പോര്‍ട് വ്യക്തമാക്കുന്നു. 94.34 ബില്യണ്‍ റിയാലാണ് ഇക്കാലയളവില്‍ രാജ്യത്തു കൂടുതലായി എത്തിയത്. 2016 ന്റെ ആദ്യപാദത്തില്‍ 1.135 ട്രില്യണ്‍ റിയാലാണ് സൗദിയിലെ വിദേശ നിക്ഷേപം. സമഗ്രമായ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളിലേക്ക് ചുവടുമാറ്റുന്ന രാജ്യത്തിന്റെ പുതിയ നയം വന്‍ വിജയത്തിലേക്ക് കുതിക്കുമെന്നതിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

എണ്ണയിതര മാര്‍ഗ്ഗത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിന് ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന സമിതി തലവനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിഭാവന ചെയ്ത "വിഷന്‍ 2030" വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് മുഖ്യപരിഗണനയാണ് നല്‍കിയിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശത്തോടെ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് വിദേശ കമ്പനികളെ അനുവദിക്കുന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരുന്നു.