ദില്ലി: രാജ്യത്തെ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നാളെ ദില്ലിയിലാണ് യോഗം. രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനത്തോളം പേര്‍ വരള്‍ച്ചയില്‍ പൊറുതിമുട്ടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വരള്‍ച്ചാ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിയ്‌ക്കുന്നത്.

ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. വരള്‍ച്ച നേരിടാന്‍ നടപടികള്‍ സ്വീകരിയ്‌ക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വരള്‍ച്ച തടയാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ല എന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിലും വരള്‍ച്ച നേരിടാന്‍ വേണ്ട നടപടികളെടുക്കുമെന്ന് പരാമര്‍ശമുണ്ടായിരുന്നു.

വരുന്ന മഴക്കാലത്ത് നല്ല മഴ കിട്ടുമെന്ന കേന്ദ്രകാലാവസ്ഥാനിരീക്ഷണവകുപ്പിന്‍റെ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ജലസംരക്ഷണപദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ടും യോഗത്തിന്റെ പരിഗണനയ്‌ക്ക് വരും. പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളൊഴിച്ചാല്‍ രാജ്യത്തെ ബാക്കിയെല്ലാ സംസ്ഥാനങ്ങളിലെയും പ്രധാനഅണക്കെട്ടുകളില്‍ വെള്ളം തീരെക്കുറവാണ്. ഭാവിയില്‍ വരള്‍ച്ച നേരിടാനായി മഴക്കാലത്ത് പരമാവധി മഴവെള്ള സംഭരണപദ്ധതികള്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിയ്‌ക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പദ്ധതിരൂപരേഖ തയ്യാറാക്കുന്നതിനായുള്ള ചര്‍ച്ചകളും യോഗത്തിലുണ്ടായേക്കും.