കൊല്ലം: ചവറ കെ.എം.എം.എല്ലിന്റെ പാലം തകരാനുള്ള ഒരു കാരണം അടുത്തിടെ ഇവിടെ നടത്തിയ ഡ്രെഡ്ജിങാണെന്ന് പ്രാഥമിക നിഗമനം. പ്ലാന്‍റിലെ ആസിഡ് കലര്‍ന്ന ജലം ഈ ഭാഗത്തേക്ക് ഒഴുക്കിവിട്ടത് പാലം പെട്ടെന്ന് തുരുമ്പിക്കാനിടയാക്കി. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

കെ.എം.എം.എലിന്റെ പാലം നില്‍ക്കുന്നതിന് 25 മീറ്റര്‍ അകലെ കോവില്‍ത്തോട്ടം ഭാഗത്താണ് ഒരാഴ്ച മുൻപ് ഡ്രെഡ്ജിങ് നടത്തിയത്. കെ.എം.എം.എല്ലിലെ സുരക്ഷവിഭാഗം ഡ്രെഡ്ജിങിനെ എതിര്‍ത്തിരുന്നു. എതിര്‍പ്പിനെ അവഗണിച്ച് മാനേജ്മെന്റ് ഇടപെട്ടാണ് ഡ്രെഡ്ജിങ് നടത്തിയത്. ഡ്രെഡ്ജിങ് നടത്തുമ്പോഴുണ്ടാകുന്ന ശക്തമായ പ്രകമ്പനം പാലത്തിന്റെ അടിഭാഗത്ത് ബലക്ഷയമുണ്ടാക്കി. ഇത് പാലം തകരാനുള്ള ഒരു കാരണമായെന്നാണ് അന്വേഷണത്തില്‍ പ്രാഥമികമായി കണ്ടെത്തിയത്.

കെ.എം.എം.എല്‍ പ്ലാന്‍റില്‍ നിന്നും ഒഴുക്കി വിടുന്ന ആസിഡ് കലര്‍ന്ന ജലം ഒഴുക്കിവിടുന്ന കുഴല്‍ സ്ഥാപിച്ചിരിക്കുന്നത് പാലത്തിന്റെ തൂണിന് സമീപമാണ്. പാലത്തിന്റെ അടിഭാഗം എളുപ്പത്തില്‍ തുരുമ്പിക്കാൻ ഇത് കാരണമായെന്നും കണ്ടെത്തലുണ്ട്. ഇക്കാര്യം വ്യവസായമന്ത്രിയും സ്ഥിരീകരിച്ചു. 13 വര്‍ഷം പഴക്കമുള്ള പാലം തുരുമ്പിക്കാൻ കാരണം ഗുണമേന്മക്കുറവ് കൊണ്ടാണോ, അപകടത്തിലായെന്ന് ബോധ്യമുണ്ടായിട്ടും അപായ ബോര്‍ഡ് വയ്ക്കാത്തതെന്ത്? പുതിയ പാലം നിര്‍മ്മിക്കാൻ ധാരണായിട്ടും നടപടി വൈകിയതെന്ത്? എന്നിവയും അന്വേഷണ പരിധിയില്‍വരും.