ആലപ്പുഴ: കായലുകളും തീരദേശവും വേണ്ടുവോളമുള്ള ആലപ്പുഴയില്‍ പക്ഷേ കുടിക്കാനുള്ള വെള്ളത്തിനായി ജനങ്ങളുടെ നെട്ടോട്ടമാണെങ്ങും. കുട്ടനാട് മേഖലയിലെ രൂക്ഷമായ കുടിവെള്ളപ്രശ്നത്തിനൊപ്പം ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തിലും കുടിവെള്ളം കിട്ടാക്കനിയാണ്. വാട്ടര്‍ അതോറിറ്റി നല്‍കുന്ന വെള്ളം ആലപ്പുഴക്കാരില്‍ മിക്കവരും കുടിക്കാനുപയോഗിക്കാറില്ല. നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ശുദ്ധജല വിതരണ കേന്ദ്രങ്ങളില്‍ കന്നാസുമായി വരിനിന്നാണ് കുടിവെള്ളം കൊണ്ടുപോകുന്നത്.
ആലപ്പുഴ മുല്ലയ്ക്കലില്‍ താമസിക്കുന്ന ഷബനയും മകന്‍ അമലും രാവിലെ തന്നെ കന്നാസുമായി ഇറങ്ങി. നേരെ വച്ചുപിടിക്കുന്നത് പഴവങ്ങാടി ജംഗ്ഷനിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ കേന്ദ്രത്തിലേക്ക്. ഇവരെത്തുമ്പോള്‍ ഇരുപതിലധികം കന്നാസുകള്‍ ഒന്നിനുപിറകെ ഒന്നായി നിരത്തി വച്ചിട്ടുണ്ട്. അരമണിക്കൂറിലധികം കാത്ത് നിന്ന് കന്നാസില്‍ വെള്ളമെടുത്ത ശേഷം രണ്ടുപേരും വീട്ടിലേക്ക്. കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ കൂടെ ഞങ്ങളും പോയി. വീട്ടില്‍ വാട്ടറതോറിറ്റിയുടെ കുടിവെള്ളമുണ്ട്. പക്ഷേ കുടിക്കാന്‍ കൊള്ളില്ല..
രുചിച്ച് നോക്കിയപ്പോള്‍ ശരിയാണ്, കുടിക്കാന്‍ പറ്റുന്നില്ല. 20 കിലോമീറ്റര്‍ അപ്പുറത്തുള്ള മങ്കൊമ്പില്‍ നിന്ന് ആലപ്പുഴയിലെത്തിയ സുഷമെയന്ന വീട്ടമ്മ രണ്ട് കന്നാസ് വെള്ളവും കൊണ്ടാണ് പോകുന്നത്. പറഞ്ഞ കാരണം വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തിന്‍റെ പോരായ്മ തന്നെ. കാറുമെടുത്താണ് അനിദേവും ഭാര്യയും കളര്‍കോട് നിന്ന് നഗരത്തിലേക്ക് വെള്ളമെടുക്കാന്‍ വന്നത്. വാട്ടര്‍ അതോറിറ്റി നല്‍കുന്നത് കുടിക്കാന്‍ കഴിയാത്ത വെള്ളമാണെന്ന് ഇവരും പറയുന്നു.
കുടിവെള്ള ക്ഷാമം രൂക്ഷമായ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ വള്ളങ്ങളില്‍ എത്തിക്കുന്ന കുടിവെള്ളമാണ് പാവപ്പെട്ടവര്‍ക്കുള്ള ഏക ആശ്രയം. ബോട്ടും വള്ളവും ഉള്ളവര്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് കുടിവെള്ളം കൊണ്ടുവരും. മറ്റ് ചിലര്‍ പണം കൊടുത്ത് മിനറല്‍ വാട്ടര്‍ വാങ്ങും. മിക്കവര്‍ക്കും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളം കുടിക്കാന്‍ കഴിയുന്നില്ലെന്ന് ചുരുക്കം.. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും എന്നുവേണ്ട കാറുളിലും ബോട്ടുകളിലും വള്ളങ്ങളിലും ആളുകള്‍ ശുദ്ധജല വിതരണ കേന്ദ്രം തേടി കന്നാസുമെടുത്ത് നടപ്പാണ് ആലപ്പുഴയില്‍. നല്ല വെള്ളം കുടിക്കാനായി.
