ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാർട്ട്നേഴ്സ് പുറത്തിറക്കിയ 2026ലെ പുതിയ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ് റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാർട്ട്നേഴ്സ് പുറത്തിറക്കിയ പുതിയ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്തേയ്ക്ക് എത്തി. 2025-ൽ ഇന്ത്യ 85-ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 55 രാജ്യങ്ങളിലേയ്ക്ക് വിസ രഹിതമായി പ്രവേശിക്കാൻ സാധിക്കും. ഉഭയകക്ഷി കരാറുകളും പ്രാദേശിക നയതന്ത്രവും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടത് പോസിറ്റീവായ സൂചനയാണെന്നാണ് വിലയിരുത്തൽ.
192 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആക്‌സസ് നൽകുന്ന സിംഗപ്പൂരിന്റേതാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്. തൊട്ടുപിന്നിൽ, 188 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. 186 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവ മൂന്നാം സ്ഥാനം പങ്കിടുന്നു. ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ 185 രാജ്യങ്ങളിലേയ്ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തുകൊണ്ട് നാലാം സ്ഥാനത്തുണ്ട്. അതേസമയം, 184 ലക്ഷ്യസ്ഥാനങ്ങളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആദ്യ അഞ്ചിൽ ഇടം നേടി.
ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ടായി അഫ്ഗാനിസ്ഥാൻ തുടരുകയാണ്. അഫ്ഗാൻ പൗരന്മാർക്ക് വിസയില്ലാതെ 24 രാജ്യങ്ങളിലേക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ. അതേസമയം, 2026ലെ റാങ്കിംഗിൽ പാകിസ്താൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 2025ൽ 103-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ 2026ൽ 98-ാം സ്ഥാനത്ത് എത്തി. എന്നാൽ, 31 സ്ഥലങ്ങളിലേക്ക് മാത്രമേ വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നുള്ളൂ.


