തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ മൂന്ന് ജില്ലകളോടും അതിര്‍ത്തി പങ്കിടുന്ന വളവനാരിക്കാര്‍ക്ക് കുടിവെള്ളം കിട്ടാന്‍ ഉന്തുവണ്ടി കിലോമീറ്ററുകള്‍ തള്ളണം. വള്ളത്തില്‍ പോയി മണിക്കൂറുകള്‍ കാത്ത് നിന്ന് കിട്ടുന്നിടത്ത് നിന്ന് വെള്ളമെടുക്കേണ്ട അവസ്ഥ. വര്‍ഷങ്ങളായി ഇവരനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്താന്‍ അധികൃതര്‍ക്കായിട്ടില്ല.

കായലും നെല്‍വയലുകളുമാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ കിണറുകുഴിച്ചാലും കലക്ക വെള്ളമേ കിട്ടൂ. ചുറ്റും വള്ളമാണെങ്കിലും കൃഷിക്കായി പാടങ്ങളിലെ മലിനജലം വറ്റിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ കുളിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ക്കോ പോലും ഉപയോഗിക്കാനാകുന്നില്ല. വളവനാരിയില്‍ പിന്നോക്കക്കാരും ദളിതരും അടങ്ങുന്ന നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. പഞ്ചായത്തോ ജലവിഭവ വകുപ്പ് അധികാരികളോ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.