ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി പൈപ്പുകളിലൂടെ വെള്ളമെത്താത്തത് പരിശോധിക്കും നടപടി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന്

ആലപ്പുഴ: കുടിവെള്ളമില്ലാതെ ദുരിതത്തിലായ വൈക്കം മുണ്ടാറുകാര്‍ക്ക് ആശ്വാസം. എത്രയും വേഗം കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. വെള്ളമില്ലാതെ ദുരിതത്തിലായ 23 കുടുംബങ്ങളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറംലോകമറിഞ്ഞത്.

നാല് വശത്തുമുള്ള പാടത്ത് വെള്ളം കയറി ഒറ്റപ്പെട്ടുപോയ മുണ്ടാര്‍. ജലവിതരണ പൈപ്പുകളുണ്ടെങ്കിലും മൂന്ന് മാസമായി ഇതിലൂടെ വെള്ളമെത്തിയിട്ട്. 23 കുടുംബങ്ങള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും ആവശ്യത്തിന് വെള്ളമില്ല. നിറഞ്ഞുകവിഞ്ഞ തോട്ടിലൂടെ വെള്ളമെടുക്കാന്‍ അങ്ങേക്കരയിലേക്ക് ചെറുവള്ളങ്ങളില്‍ പോകുന്ന നാട്ടുകാരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെ സര്‍ക്കാരിന്‍റെ മുന്നിലെത്തി. വെള്ളമെടുക്കാന്‍ മുണ്ടാറുകാര്‍ പോയിരുന്ന പുഴയിലാണ് വള്ളംമറിഞ്ഞ് മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ട് പേര്‍ മരിച്ചതും.