സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു

മ്യൂണ്‍സ്റ്റര്‍: ശനിയാഴ്ച്ച പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ മ്യൂണ്‍സ്റ്ററില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവം തീവ്രവാദി ആക്രമണമല്ലെന്ന് പ്രാഥമിക നിഗമനം. മാനസിക രോഗിയായ 48കാരനാണ് അക്രമത്തിന് പിന്നിലെന്ന് ജര്‍മന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ 20ഓളം പേര്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. 

സംഭവം ഞെട്ടിച്ചെന്ന് ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞു. ബെര്‍ലിനില്‍ ട്രക്ക് ഇടിച്ച് കയറ്റിയ തീവ്രവാദി ആക്രമണത്തിന്‍റെ വാര്‍ഷികത്തിലാണ് ഇപ്പോഴത്തെ സംഭവം. ജര്‍മനിയോടൊപ്പം തന്നെയുണ്ടാവുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റെ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് ജര്‍മന്‍ ആഭ്യന്തര സുരക്ഷാവിഭാഗം പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.