കാറിൽ കിടന്ന് ഉറങ്ങിപ്പോയി കാറിൽ വെള്ളം കയറി മുങ്ങി മരിച്ചു

ഹൈദരാബാദ്: കനത്ത മഴ കാരണം റോ​ഡിൽ കുടുങ്ങിപ്പോയ കാറിൽ‌ ഉറങ്ങുകയായിരുന്ന ​ഡ്രൈവർ മരിച്ചു. ഹൈദരാബാദിലെ കക്കാട്ട്പള്ളി പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. ഇരുപത്തഞ്ച് വയസ്സുള്ള ബോസ്ലെ ​ഗോപിനാഥ് ആണ് സീറ്റ് ബെൽറ്റിട്ട് കാറിനുള്ളിൽ കിടന്ന് ഉറങ്ങിയത്. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്ന് കാർ മുങ്ങിപ്പോകുകയായിരുന്നു. മഴവെള്ളം ഇറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് പരിസര വാസികൾ കാറിനകത്ത് ബോസ്ലെയുടെ മൃതദേഹം കണ്ടെടുത്തത്. 

കാറിന്റെ ഉടമയോട് രാത്രി കാറിനുള്ളിൽ ഉറങ്ങാൻ ബോസ്ലെ അനുവാദം ചോദിച്ചിരുന്നു. ഉടമ നവീൻ കുമാർ അനുവാദം നൽകുകയും ചെയ്തു. മഴ തോർന്നതിന് ശേഷം വീട്ടിലേക്ക് പോകാമെന്നാണ് ബോസ്ലെ കരുതിയത്. കനത്ത മഴയായിരുന്നു ഇവിടങ്ങളിൽ പെയ്തത്. തറനിരപ്പിൽ ഏകദേശം രണ്ടടിയിലധികം ഉയരത്തിൽ വെള്ളം ഉയർന്നിരുന്നു. നടപ്പാത നിർമ്മിച്ചതിന്റെ ഫലമായി മഴവെള്ളത്തിന്റെ തടാകത്തിലേക്കുള്ള ഒഴുക്ക് തടസ്സപ്പെ
ട്ടതാണ് വെള്ളം ഉയരാൻ കാരണം എന്ന് പ്രദേശവാസികൾ പറയുന്നു. ‍

ബോസ്ലെ മദ്യപിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. അതിനാലാണ് ജലനിരപ്പ് ഉയർന്നത് ശ്രദ്ധിക്കാതിരുന്നത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ​ഹൈദരാബാദ് ​​ഗവൺമെന്റ് ഹോസ്പിറ്റലിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൂന്നു സെന്റീമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ലഭിച്ചത്. പലയിടത്തും ​ഗതാ​ഗതതടസ്സം സംഭവിക്കുകയും ചെയ്തു. ഇനിയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരിക്ഷകരുടെ നി​ഗമനം.