അപകടം നടന്ന സ്ഥലത്ത് ഉംറ തീര്‍ത്ഥാടകരെയോ മറ്റ് വിശ്വാസികളെയോ പ്രവേശിപ്പിച്ചിരുന്നില്ല.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് ശേഷം 2.30ന് ഹറം വികസന പദ്ധതി പ്രദേശത്തായിരുന്നു സംഭവം. മൊബൈല്‍ ക്രെയിന്‍ ഡ്രൈവര്‍ക്ക് ചെറിയ രീതിയില്‍ പരിക്കേറ്റുവെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. പള്ളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്ന സ്ഥലത്തായിരുന്നു സംഭവം. ഈ സ്ഥലത്ത് ഉംറ തീര്‍ത്ഥാടകരെയോ മറ്റ് വിശ്വാസികളെയോ പ്രവേശിപ്പിച്ചിരുന്നില്ല. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സ്ഥലങ്ങളിലോ തീര്‍ത്ഥാടകരുടെ വഴികളിലോ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും അപകടം നടന്ന സ്ഥലം വളരെ അകലെയാണെന്നും മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. 2015 സെപ്തംബര്‍ 11ന് ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടെ മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 107 പേര്‍ മരണപ്പെടുകയും 394 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.