പത്തനംതിട്ട: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു വനിതാ ഡോക്ടറോട് ഡ്രൈവര്‍ അശ്ലീല ചേഷ്ട കാണിച്ചതായി പരാതി. പത്തനംതിട്ട കരുനാഗപ്പള്ളി റൂട്ടിലോടുന്ന ബസിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തഴവ സ്വദേശി നൗഷാദിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാവിലെ 9.30 തോടെയായിരുന്നു സംഭവം.

ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന ഡോക്ടറോട് ഇയാള്‍ പലതവണ മോശമായ രീതിയില്‍ ആംഗ്യം കാണിച്ചു. ഡോക്ടര്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ആര്‍ ടി ഒ ബസിന്റെ മാനേജരെ വിളിച്ചു വരുത്തി ഡ്രൈവറെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയതായി പത്തനംതിട്ട ആര്‍ ടി ഒ എബി. ജോണ്‍ അറിയിച്ചു. വീഡിയോ സഹിതം ആരോപണം കാണിച്ച ശേഷം നടപടി എടുക്കുകയായിരുന്നു.