സേവനം മെച്ചപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ 'ഡ്രോണ്‍ സര്‍വ്വീസ്'  തപാല്‍ വകുപ്പിന് നല്‍കിയത് എട്ടിന്റെ പണി

തപാല്‍ സര്‍വ്വീസ് മേഖലയില്‍ സേവനങ്ങള്‍ കൂടുതല്‍ ലാഭകരമാക്കാനും കൂടുതല്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് റഷ്യന്‍ തപാല്‍ വകുപ്പ് ഡ്രോണുകളുടെ സാധ്യത തേടിയത്. ഇതിനായി വന്‍തുക ചെലവാക്കാനും മടിക്കാത്ത വകുപ്പിന് എട്ടിന്റെ പണിയാണ് ഡ്രോണ്‍ പരീക്ഷണം നടത്തിയത്.

കൊറിയര്‍ സര്‍വ്വീസ് കൂടുതല്‍ വേഗത്തിലാക്കാനും പാര്‍സലുകളെ ആളുകളുടെ അടുത്ത് വേഗത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പന്ത്രണ്ട് ലക്ഷത്തിലധികം തുക ചിലവാക്കി ഡ്രോണ്‍ നിര്‍മിച്ചത്. പരീക്ഷണപ്പറക്കല്‍ ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. പക്ഷേ പണിയ്ക്ക് ഇറക്കിയ ഡ്രോണ്‍ പണി കൊടുത്തിരിക്കുകയാണ് റഷ്യയില്‍. 

സര്‍വ്വീസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനെത്തിയ നിരവധി ആളുകളുടെ മുന്നില്‍ വച്ചാണ് പാര്‍സലടക്കം ഡ്രോണ്‍ തകര്‍ന്ന് വീണത്. ലോഞ്ച് പാഡില്‍ നിന്നും പറന്നുയര്‍ന്ന ഡ്രോണ്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഒരു കെട്ടിടത്തിന്റെ മതിലില്‍ ഇടിച്ച് തകര്‍ന്ന് വീഴുകയായിരുന്നു. എക്സ്പെഡിറ്റര്‍ 3 എം എന്ന കമ്പനിയാണ് പന്ത്രണ്ട് ലക്ഷം രൂപ ചിലവില്‍ ഡ്രോണ്‍ നിര്‍മിച്ചത്. റഷ്യയിലെ തപാല്‍ വകുപ്പിന്റെ ആശയമായിരുന്നു ഡ്രോണിനെ ഉപയോഗിച്ചുള്ള പോസ്റ്റല്‍ ഡെലിവറി. 

പരാജയപ്പെട്ടതു കൊണ്ട് ഉദ്യമ അവസാനിപ്പിക്കില്ലെന്ന് എക്സ്പെഡിറ്റര്‍ 3എം പ്രതികരിക്കുന്നു. ലോകമെമ്പാടുമുള്ള ലോജിസ്റ്റിക് കമ്പനികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതായിരുന്നു റഷ്യന്‍ പോസ്റ്റല്‍ സര്‍വ്വീസിന്റെ ഡ്രോണ്‍ പോസ്റ്റല്‍ പരീക്ഷണങ്ങള്‍.