അടുത്ത വര്‍ഷം പകുതിയോടെ റോഡുകളുടെ നിരീക്ഷണത്തിന് ആളില്ലാ പേടകം ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ്. ഡ്രോണുകള്‍ ഉപയോഗിച്ച് ഗതാഗത നിരീക്ഷണവും നിയന്ത്രണവും സാധ്യമാക്കാനാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്സ്‌പോര്‍ട്ട് അതോരിറ്റിയുടെ തീരുമാനം. അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുക.
പ്രധാനപ്പെട്ട റോഡുകള്‍ക്ക് മുകളിലൂടെ പറക്കുന്ന ഈ ആളില്ലാ പേടകങ്ങള്‍ ഗതാഗതക്കുരുക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍.ടി.എ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. അപകടം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ദൃശ്യങ്ങളും മറ്റും കണ്‍ട്രോള്‍ റൂമില്‍ എത്തിക്കാനുള്ള സംവിധാനവുമുണ്ടാകും. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ആര്‍.ടി.എയുടെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറ്റ് സേവന കേന്ദ്രങ്ങളിലേക്കും വാഹനം ഓടിക്കുന്നവരിലേക്കും കൈമാറാനാണ് പുതിയ പദ്ധതി.
യാത്രക്കാര്‍ക്ക് നേരിട്ട് വിവരങ്ങള്‍ കൈമാറുന്ന രീതി തുടക്കത്തില്‍ ഉണ്ടാകില്ല. സോഷ്യല്‍ മീഡിയ വഴിയും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭിക്കുക. യാത്രക്കാര്‍ക്ക് ഗതാഗത കുരുക്ക് മനസിലാക്കാനും പാര്‍ക്കിങിന് സ്ഥലം കണ്ടെത്താനും ഭാവിയില്‍ ഡ്രോണുകള്‍ സഹായിക്കുമെന്നര്‍ത്ഥം. മെട്രോ, ട്രാം എന്നിവയുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കാനും ദുബായ് റോഡ്സ് ആന്റ് ട്രാന്സ്‌പോര്‍ട്ട് അതോരിറ്റിക്ക് പദ്ധതിയുണ്ട്.
