വരള്‍ച്ചാ മേഖലയായട്ടും ഇതിനെതിരെ രംഗത്തിറങ്ങാന്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് അധികൃതര്‍ക്ക് താല്‍പ്പര്യമില്ലെന്ന് കര്‍ഷകര്‍.

വയനാട്: വരള്‍ച്ചാ മേഖലയായട്ടും ഇതിനെതിരെ രംഗത്തിറങ്ങാന്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് അധികൃതര്‍ക്ക് താല്‍പ്പര്യമില്ലെന്ന് കര്‍ഷകര്‍. ചണ്ണോത്ത് കൊല്ലി, ചാമപ്പാറ, കൊളവള്ളി, പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ വിഭാവനം ചെയ്ത ചണ്ണോത്ത്‌കൊല്ലി തലച്ചിറ നിര്‍മാണം പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥത മൂലം നടക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. 

കന്നാരംപുഴ വഴി കബനിയിലെത്തി പാഴാകുന്ന ജലം സംഭരിച്ച് മണ്ണിലിറക്കാനും കൃഷിക്കും ജലസേചനത്തിനുമായി 2010 ല്‍ പഞ്ചായത്ത് ചിറ നിര്‍മിക്കാനായി എട്ട് പേരില്‍ നിന്നായി ഒന്നരയേക്കര്‍ സ്ഥലം വാങ്ങിയിരുന്നു. പദ്ധതി പ്രദേശത്തിന്റെ മൂന്ന് ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം തലച്ചിറയിലെത്തിച്ച് സംഭരിച്ച് ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. 

സ്ഥലം വാങ്ങിയ ശേഷം 2011 ല്‍ 18.50 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഭരണസമിതി തുടര്‍പ്രവര്‍ത്തനങ്ങളൊന്നും ചെയ്തില്ലെന്നാണ് പരാതി. ഇത് കാരണം ഫണ്ട് നഷ്ടമായി. തുടര്‍ന്ന് 2016 ല്‍ ലോകബാങ്കിന്റെ ധനസഹായമായി 78 ലക്ഷം രൂപ പദ്ധതിക്കായി ലഭിച്ചു. ബന്ധപ്പെട്ടവരെത്തി സ്ഥലം പരിശോധന നടത്തുകയും ചെയ്തു. ഇത്തവണ പദ്ധതിക്ക് എതിര് നിന്നത് ഉദ്യോഗസ്ഥരായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. പല വിധ കാരണങ്ങള്‍ പറഞ്ഞ് പദ്ധതി നിര്‍മാണം തുടങ്ങുന്നത് വൈകിപ്പിക്കുകയായിരുന്നു. 

പ്രദേശത്തെ 700 ലധികം വരുന്ന കുടുംബങ്ങള്‍ക്ക് ഉപകരിക്കുന്ന പദ്ധതിയാണ് ചിറ നിര്‍മാണ പദ്ധതി. പദ്ധതി പ്രാവര്‍ത്തികമായാല്‍ പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും വേനലിലും വെള്ളം ലഭിക്കും. ഇതുവഴി വേനല്‍ക്കാലത്തെ കുടിവെള്ള പ്രശ്‌നവും പരിഹരിക്കാനാവും. ഇതിനിടെ ജില്ലയ്ക്കായി 80 കോടിയുടെ വരള്‍ച്ചാ ലഘൂകരണത്തിനുള്ള പദ്ധതികളിലും ഈ പ്രദേശം ഉള്‍പ്പെടാതെ പോയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ജില്ലയില്‍ ആദ്യം വരള്‍ച്ചയെത്തുന്ന പ്രദേശമായിട്ടും അധികൃതര്‍ ഇക്കാര്യം കണക്കിലെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.