മുംബൈ: മഹാരാഷ്‌ട്രയിലെ മറാത്ത്വാഡയില്‍ വ്യാപകമായി കരിമ്പ് കൃഷി തുടങ്ങിയതാണ് വരള്‍ച്ച ഇത്ര രൂക്ഷമാക്കിയത്. കുടിവെള്ളപ്രശ്നമുള്ള ഇവിടെ കരിമ്പ് കൃഷി നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പഞ്ചസാര ലോബിക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. കരിമ്പിനുപകരം വെള്ളം കുറച്ചുമാത്രം ആവശ്യമായ സോയാബീന്‍ കൃഷിചെയ്യാന്‍ പ്രധാനമന്ത്രി കര്‍ഷകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്വാതന്ത്രത്തിനു ശേഷം മഹാരാഷ്‌ട്രയില്‍ കരിമ്പ് തഴച്ചു വളര്‍ന്നു. പഞ്ചസാര ഉല്‍പാദത്തിനായുണ്ടാക്കിയ സഹകരണ സംഘങ്ങള്‍ നേതാക്കള്‍ക്ക് പണവും ആള്‍ബലവും നല്‍കി. കരിമ്പ് കര്‍ഷകരെ പണക്കാരാക്കിയെങ്കിലും മണ്ണിനെ ഉണക്കിക്കളഞ്ഞു. മഹാരാഷ്‌ട്രയില്‍ കൃഷിഭൂമിയുടെ നാലുശതമാനം സ്ഥലത്ത് മാത്രമാണ് കരിമ്പുള്ളത്. എന്നാല്‍ ആകെ ജലസേചനത്തിന്റെ എഴുപത് ശതമാനവും ഈ പഞ്ചസാരത്തണ്ട് കുടച്ചുതീര്‍ക്കുന്നു എന്ന കണക്കുകേട്ടാല്‍ പ്രശ്നത്തിന്റെ വ്യാപ്തി മനസിലാകും. മഴമേഘങ്ങള്‍ കനിയാത്ത മറാത്തുവാഡയില്‍ കനാലില്‍ സംഭരിക്കുന്ന വെള്ളമാണ് ജീവിതോപാധി.

പണക്കൊതിമൂത്ത് രാഷ്‌ട്രീയക്കാര്‍ വ്യാപകമായി കരിമ്പ് കൃഷി ചെയ്യിപ്പിച്ചതോടെയാണ് ലാത്തൂരിലടക്കം കുടിക്കാന്‍ വെള്ളമില്ലാതായത്. ലാത്തൂരില്‍ മുന്‍ മുഖ്യമന്ത്രി വിലാസ്റാവു ദേശ്‍മുഖിനറെ കുടുംബത്തിന് നിരവധി പഞ്ചസാരമില്ലുകളുണ്ട്.കൊടും വരള്‍ച്ചയിലും മില്ലുകള്‍ പ്രവര്‍ത്തിക്കുണ്ട്. ട്രെയിനില്‍ കൊണ്ടുവരുന്ന കുടിവെള്ളം വിലാസ് റാവു ദേശ്‍മുഖിന്റെ മകനും സ്ഥലം എംഎല്‍എയുമായ അമിത് ദേശ്‍മുഖിന്റെ കിണറിലാണ് ശേഖരിക്കുന്നത് എന്നത് ചേര്‍ത്ത് വായിച്ചാല്‍ കാര്യം പിടികിട്ടും. മറാത്തുവാഡയില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുതിയ പഞ്ചസാര ഫാക്ടറി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.