
വറ്റിത്തുടങ്ങിയ ബാവലി പുഴയില്‍ കുടില്‍ കെട്ടി നിരവധി ആദിവാസി കുടുംബങ്ങള്‍ താമസം തുടങ്ങിയിട്ട് രണ്ട് മാസമായി. നീര്‍ച്ചാല്‍ കണക്കെ ഒഴുകുന്ന പുഴയില്‍ കുഴികുത്തി ശേഖരിക്കുന്ന വെള്ളകൊണ്ടാണ് ഇപ്പോള്‍ നെല്ല്യോട് കോളനിയിലെ 20 ഓളം കുടുംബങ്ങള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കോളനിയില്‍ വെള്ളമെത്തിക്കാന്‍ അധികൃതരോട് പറഞ്ഞ മടുത്തവര്‍ വെള്ളം കിട്ടാതെ മരിക്കുന്നതിന് മുന്‍പ് കണ്ടെത്തിയ അവസാന മാര്‍ഗമാണ് പുഴയിലെ താമസം.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെല്ലാം പുഴയില്‍ ഒരുക്കിയ ഈ കുടിലില്‍ താമസിക്കുന്നുണ്ട്. കുടിവെള്ളത്തോടൊപ്പം പുഴയില്‍ മീന്‍ പിടിച്ച് ആഹാരത്തിനുള്ള വകയും ഇവര്‍ കണ്ടെത്തുകയാണ്. നെല്ല്യോട് കോളനിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കുടിവെള്ളത്തിനുള്ള പദ്ധതി ലക്ഷങ്ങള്‍ ചെലവഴിച്ച് തുടങ്ങിയിരുന്നു.
വീട്ടുമുറ്റത്തെല്ലാം ടാപ്പുകളും സ്ഥാപിച്ചു. പക്ഷെ കുടിവെള്ളം സ്വപ്നം മാത്രമായി. വേനല്‍ തുടങ്ങിയപ്പോള്‍ കിലോമീറ്റര്‍ നടന്ന് വെള്ളമെത്തിച്ചു. അത് മടുത്തപ്പോഴാണ് പുഴയിലേക്ക് തന്നെ ഇവര്‍ കുടില്‍ മാറ്റിയത്. സമീപത്തെ മറ്റ് കോളനിക്കാരും സമാനമായ രീതിയില്‍ പുഴയിലേക്ക് മാറിയിട്ടുണ്ട്.
