മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ സൗദിയില്‍ ആയിരത്തി അറുനൂറിലധികം പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവരില്‍ കൂടുതലും. യമന്‍ അതിര്‍ത്തി വഴിയാണ് ഏറ്റവും കൂടുതല്‍ മയക്കു മരുന്ന് കടത്തു നടക്കുന്നത് എന്നാണു സൂചന.

മയക്കു മരുന്ന് കടത്തു കേസില്‍ 1628 പേരാണ് കഴിഞ്ഞ ആറു മാസത്തിനിടയില്‍ സൗദിയില്‍ പിടിയിലായത്. ഇതില്‍ 589 പേര്‍ സൗദികള്‍ ആണ്. ബാക്കിയുള്ള 1039 പേര്‍ നാല്‍പത്തിയൊന്നു വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, യമന്‍,എത്യോപ്യ, ഈജിപ്ത്, ഫിലിപ്പൈന്‍സ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ വിദേശികളില്‍ കൂടുതലും. മയക്കു മരുന്ന് കടത്തുന്നവരും, വില്‍ക്കുന്നവരും, വാങ്ങുന്നവരും പിടിയിലായവരില്‍ ഉണ്ടെന്നു മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.

21,429,859 കാപ്റ്റഗോന്‍ ഗുളികകള്‍, 19,612 ടണ്‍ ഹഷീഷ്, 218,948 കിലോ കൊക്കൈന്‍ തുടങ്ങിയവ പിടിച്ചെടുത്തു. പിടിയിലായവരില്‍ നിന്ന് 5468 ആയുധങ്ങളും 14,100 വെടിയുണ്ടകളും നാലര കോടിയോളം റിയാലും പിടിച്ചെടുത്തിട്ടുണ്ട്. സൗദിക്ക് പുറത്തു മറ്റു രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെയും, സൗദി കസ്റ്റംസ് വകുപ്പും നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്ക് പുറമെയുള്ള കണക്കാണിത്. പാകിസ്താന്‍, കുവൈറ്റ്, തുര്‍ക്കി, ഈജിപ്ത്, യു.എ.ഇ, ലെബനോന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ ആ രാജ്യങ്ങളുടെ സഹകരണത്തോടെ സൗദി മയക്ക് മരുന്ന് വേട്ട നടത്തിയിരുന്നു.

അതേസമയം നിരോധിക്കപ്പെട്ട ഖാത്ത് പുല്ല് ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ സൗദി റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യമനികളും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമായ 5700 പേര്‍ കഴിഞ്ഞ വര്‍ഷം അതിര്‍ത്തികളില്‍ വെച്ച് പിടിയിലായി. യമന്‍ അതിര്‍ത്തിയില്‍ വെച്ച് ഈ വര്‍ഷം ഇതുവരെ 1200 പേര്‍ പിടിയിലായിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്ന്‍ കച്ചവടം നടത്താനുള്ള നൂറുക്കണക്കിനു ശ്രമങ്ങളും പോലീസ് കണ്ടെത്തി.