കോട്ടയം: നിരോധിത പുകയില ഉത്പന്നങ്ങളുടെ കോട്ടയം ജില്ലയിലെ മൊത്തവിതരണക്കാര്‍ പിടിയിലായി. 12 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായാണ് തൃക്കൊടിത്താനത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയായിരുന്നു ഇവരുടെ ഇടപാടുകള്‍.
എരുമേലി സ്വദേശി മുഹമ്മദ് നൗഫല്‍, ചങ്ങനാശ്ശേരിക്ക് സമീപം തൃക്കൊടിത്താനം സ്വദേശി മാഹിന്‍ സല്‍മാന്‍ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് നൗഫലായിരുന്നു കോട്ടയം ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്ന സംഘത്തിലെ പ്രധാനി. ഇന്ന് ഉച്ചയോടെയാണ് ഇരുവരും പിടിയിലാകുന്നത്. കുന്നുംപുറം ഗവണ്‍മെന്റ് സ്കൂള്‍ പരിസരത്ത് വാഹന പരിശോധന നടത്തുകയായിരുന്നു തൃക്കൊടിത്താനം പൊലീസ്. ഇതിനിടെയെത്തിയ മുഹമ്മദ് നൗഫലിന്‍റെ കാര്‍ പരിശോധിച്ചപ്പോള്‍ 70 പാക്കറ്റ് പുകയില്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് തൃക്കൊടിത്താനത്തിന് സമീപം കോട്ടമുറിയിലുള്ള നൗഫലിന്‍റെ വാടക വീട്ടില്‍ വലിയ ശേഖരമുണ്ടെന്ന് വ്യക്തമായത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ 24000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടെനിന്ന് കണ്ടെത്തി. ഇതിന് 12 ലക്ഷം രൂപ വില വരും.
പുകയില ഉത്പന്നങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ചിരുന്ന സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള അന്വേഷണവും തുടരുകയാണ്. ബംഗലൂരുവിലെ കെ.ആര്‍. മാര്‍ക്കറ്റില്‍നിന്നാണ് നൗഫലും സംഘവും പുകയില ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നത്. ട്രെയിനിലും ബസിലുമായി കോട്ടയത്തെത്തിക്കും. തൃക്കൊടിത്താനത്തിന് സമീപം പായിപ്പാട്ടുള്ള രണ്ടായിരത്തിലേറെ വരുന്ന അന്യസംസ്ഥാന തൊഴിലാളികളായിരുന്നു പ്രധാന ഉപഭോക്താക്കള്‍.
