Asianet News MalayalamAsianet News Malayalam

കാൻസർ മരുന്നുകള്‍ ലഹരിക്ക് ഉപയോഗിച്ചു: മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Drug case payyanur
Author
Payyanur, First Published Jul 9, 2016, 5:18 PM IST

പയ്യന്നൂര്‍: കാൻസർ രോഗത്തിനടക്കമുളള മരുന്നുകൾ ലഹരിക്കായി വാങ്ങി ഉപയോഗിച്ച മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ കണ്ണൂർ പയ്യന്നൂരിൽ പിടിയിൽ.മരുന്നുകടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് സംഘം വിദ്യാർത്ഥികളെ പിടികൂടിയത്. ലഹരി മരുന്നുകളായി വേദനസംഹാരികളുടെ വിൽപ്പന വ്യാപകമാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി.

എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു മരുന്നുകടകൾ കേന്ദ്രീകരിച്ച് പയ്യന്നൂർ എക്സൈസ് സംഘത്തിന്‍റെ അന്വേഷണം.വേദനസംഹാരികളായി ഉപയോഗിക്കുന്ന മരുന്നുകൾ ലഹരിമരുന്നുകളായി വിൽക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കാഞ്ഞങ്ങാട് അൽഫല മെഡിക്കൽസിൽ നിന്ന് കാൻസർ, അപസ്മാരം എന്നിവയ്ക്ക്  നൽകുന്ന മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്ന മൂന്നംഗ സംഘം ഇതിനിടെയാണ് പിടിയിലായത്.ഗുളികകൾ വാങ്ങി പൊടിച്ച് ശീതളപാനീയങ്ങളിൽ കലർത്തി ഉപയോഗിക്കാറായിരുന്നു കുട്ടികളുടെ പതിവ്. മൂന്ന് ഇരട്ടിയിലധികം രൂപയാണ്  ഇത്തരം മരുന്നുകളുടെ വിൽപ്പനയ്ക്ക് ഈടാക്കിയിരുന്നത്.

രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു.കാഞ്ഞങ്ങാട്,പയ്യന്നൂർ മേഖലയിൽ ഇത്തരം ലഹരിമരുന്ന് വിൽപ്പന വ്യാപകമാണെന്നാണ് എക്സൈസിന്‍റെ നിഗമനം.ഡോക്ടറുടെ കുറിപ്പടിയില്ലാതെ കാൻസർ രോഗത്തിനടക്കമുളള വേദനസംഹാരികൾ വിൽക്കുന്നതിന് വിലക്കുണ്ട്.

ഇത് കാറ്റിൽപ്പറത്തിയാണ് അധികവില ഈടാക്കിയുളള മരുന്നുവിൽപ്പന.സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇത്തരം മരുന്നുകൾ വിൽക്കുന്ന സംഘങ്ങളെക്കുറിച്ചും എക്സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios