ബംഗളുരു: 40 ലക്ഷം രൂപയുടെ വരുമാനമുണ്ടെന്ന് കാണിച്ച് ആദായ നികുതി അടയ്ക്കാനെത്തിയ "കെട്ടിട നിര്‍മ്മാണ തൊഴിലാളി'യെ പൊലീസ് വയലിലാക്കി. അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വന്‍ തുകയുടെ ആസ്തിയുള്ള തൊഴിലാളിയുടെ പ്രധാന വരുമാര്‍ഗ്ഗം കഞ്ചാവ് കച്ചവടം. കിട്ടുന്ന പണത്തിന് നികുതിയടയ്ക്കാന്‍ ശ്രമിച്ചതാണ് കുടുക്കിയത്.

കോറമംഗല പൊലീസാണ് രാച്ചപ്പ രംഗ എന്ന 34 വയസുകാരനെ അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷം രൂപയും 26 കിലോ കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. സഹായിയ ശ്രീനിവാസ് എന്നയാളെയും അറസ്റ്റ് ചെയ്തു. കഞ്ചാവ് എത്തിച്ചുകൊടുത്ത സാഷു എന്നയാള്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. 2017-18 വര്‍ഷത്തെ ആദായ നികുതി അടയ്ക്കാനാണ് കഴിഞ്ഞയാഴ്ച ഇയാള്‍ ആദായ നികുതി വകുപ്പ് ഓഫീസില്‍ പോയത്. നികുതി അടച്ചെങ്കിലും വരുമാനത്തിന്റെ സ്രോതസ് കാണിക്കാനായില്ല. തുടര്‍ന്ന് ആദായ നികുതി വകുപ്പ് അധികൃതരും പൊലീസും ഇയാളെ നോട്ടമിട്ടു. 

2013 ല്‍ മയക്കുമരുന്ന് വില്‍പ്പനയിലേക്ക് കടക്കുന്നതിന് മുമ്പ് ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവാക്കളെ ഏജന്റാക്കി നടത്തിയിരുന്ന മയക്കുമരുന്ന് വ്യാപാരത്തിലൂടെ ഇയാള്‍ കോടികള്‍ സമ്പാദിക്കുന്ന ഇയാള്‍ക്ക് ഗ്രാമത്തില്‍ സ്വന്തമായി വീടും സ്ഥലവും ആഡംബരകാറുമുണ്ടെന്നും കണ്ടെത്തി. മാസം 40,000 രൂപ വാടക നല്‍കുന്ന വില്ലയിലായിരുന്നു താമസം. കഴിഞ്ഞയാഴ്ച കോറമംഗലയിലെ ഒരു ഹോട്ടലില്‍ ഇയാളും സംഘവും എത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന ഒരാല്‍ ഇതിനിടെ രക്ഷപെട്ടു.

കിലോയ്ക്ക് 35,000 വില വരുന്ന 30 കിലോ കഞ്ചാവ് ഇയാള്‍ പ്രതിമാസം വില്‍പ്പന നടത്തുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണത്രെ കരാറുകാരനായി രജിസ്റ്റര്‍ ചെയ്തിട്ട് ആദായ നികുതി അടയ്ക്കാന്‍ പോയത്.