പാലക്കാട്: പച്ചക്കറി വാഹനങ്ങളിൽ ലഹരിക്കടത്ത് വ്യാപകമാകുന്നതായി എക്സൈസ് ഇന്‍റലിജൻസ്. രണ്ട്സംഭവങ്ങളിലായി പാലക്കാട് ഒരുലക്ഷം പാക്കറ്റ് ഹാൻസ് പിടികൂടി.

അതിർത്തികളിൽ പരിശോധന കാര്യക്ഷമമല്ലാത്തതാണ് ലഹരിക്കടത്ത് സംഘത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നത്. പച്ചക്കറി വാഹനങ്ങളിലാണ് ലഹരിക്കടത്ത്ഏറെയും. പാലക്കാട്‍ ചന്ദ്ര നഗറിൽ നിന്ന് 75000 പാക്കറ്റ് ഹാൻസും, ആലത്തൂരിൽ നിന്ന് 30000 പാക്കറ്റ് ഹാൻസുമാണ് ഇന്ന് മാത്രം പിടിച്ചത്. രണ്ടു പേർ അറസ്റ്റ് ചെയ്തു.

തമിഴ്‍നാട്ടിലെ ഈറോഡിൽ നിന്നുമാണ് ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. അവിടെ 5 രൂപക്ക് കിട്ടുന്ന ഒരു പാക്കറ്റിന് കേരളത്തിലെ വിപണിയിൽ 40 രൂപയിലധികം വില ലഭിക്കും. അന്യ സംസ്ഥാനത്തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു ആലത്തൂരിൽ നിന്ന് പിടിച്ച ലഹരിപ്പാക്കറ്റുകൾ. പട്ടാമ്പിയിലേക്കു കൊണ്ടു പോകും വഴിയാണ് ഒരു ലക്ഷത്തോളം പാക്കറ്റ് പാലക്കാട് ടൗണിൽ നിന്നും പിടികൂടിയത്.

എക്സൈസിന്‍റെ പിടിയിലായാലും, ചെറിയ തുക പിഴയടച്ചാൽ രക്ഷപ്പെടാമെന്നതാണ് ലഹരി കടത്ത് സംഘങ്ങൾക്ക് ധൈര്യം നൽകുന്നത്.