കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ലഹരി ഗുളികള്‍ എക്സൈസ് പിടികൂടി.ന്രൈട്രാസെപ്പം ഗുളികളാണ് പിടികൂടിയത്.ഗുളിക വില്‍പ്പന നടത്തുന്ന തലശേരി സ്വദേശി എം പി സമീറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

വടകര എടോടിയില്‍ പതിവ് പരിശോധനക്കിടെയാണ് തലശേരി സ്വദേശി സമീര്‍ എക്സൈസിന്‍റെ പിടിയിലായത്. വിശദമായി പരിശോധിച്ച ഇയാളില്‍ നിന്ന് എഴുനൂറ്റഞ്ച് നൈട്രാസെപ്പം ഗുളികകളാണ് പിടികൂടിയത്. വടകര ,തലശേരി ഭാഗങ്ങളില്‍ ലഹരിക്കായി വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടു പോകുകയായിരുന്നു ഗുളികകളെന്ന് ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.പത്തിരട്ടി വിലക്കാണ് ഇയാള്‍ ഗുളികകള്‍ വിറ്റിരുന്നത്.

ബംഗലുരുവില്‍ നിന്നാണ് ഇയാള്‍ ലഹരി ഗുളികള്‍ കൊണ്ടുവരുന്നതെന്നാണ് എക്സൈസിന് കിട്ടിയ വിവരം. മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ കുറിപ്പടി നിര്‍ബന്ധമായ മരുന്നാണിത്. അസുഖമില്ലാത്തവര്‍ കഴിച്ചാല്‍ ഗുരുതര രോഗവും ഉണ്ടാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് നാളായി വടകര മേഖലയില്‍ ഇത്തരം ലഹരി സംഘങ്ങള്‍ വ്യാപകമാണെന്ന പരാതിയുണ്ട്.കോടതിയില്‍ ഹാജരാക്കിയ സമീറിനെ റിമാന്‍റ് ചെയ്തു.