ഒമാനില്‍ മയക്കുമരുന്ന് കടത്ത് കുറഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ പതിനാലു ശതമാനം കുറവാണ് രേഖപെടുത്തിയത്. മയക്കു മരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമാന്‍ മയക്കുമരുന്ന് ദേശിയ കമ്മറ്റി ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്.
മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ എണ്ണം 2015ല്‍ അയ്യായിരത്തോളം ആയിരുന്നു. രണ്ടായിരത്തി പതിനാറില്‍ ഇതു നാലായിരം ആയി കുറഞ്ഞുവെന്നു ആര്‍ ഒ പി മയക്കുമരുന്ന് വിരുദ്ധ വിഭാഗം തലവന്‍ കേണല്‍ അബ്ദുല് റഹീം അല്‍ ഫര്‍സി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിലും അമ്പതു ശതമാനം കുറവാണു രേഖപെടുത്തിയത്.സമയക്കുമരുന്ന് വ്യാപനം തടയുന്നതിനായി സ്വീകരിച്ച കര്‍ശന നടപടികള്‍ ഗുണം ചെയ്തുവന്നും കേണല്‍ അബ്ദുല് റഹീം അല്‍ ഫര്‍സി പറഞ്ഞു.
പിടിക്കപ്പെടുന്നവര്‍ക്കെതിരെയുള്ള ശിക്ഷ ശക്തമാക്കല്‍, പെട്രോളിംഗ് വര്‍ധിപ്പിക്കല്‍, അതിര്‍ത്തിയില്‍ മയക്കുമരുന്ന് കണ്ടുപിടിക്കുവാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ മയക്കുമരുന്ന് രാജ്യത്തേക്ക് എത്തുന്നത് നിയന്ത്രിക്കുവാന്‍ സഹായിച്ചു.
മയക്കുമരുന്നിന് അടിമപ്പെടുന്നവരില്‍ കൂടുതലും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ്. കണക്കുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അധികൃതര്‍ ബോധവത്കരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഈ വര്‍ഷവും രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വലിയ തോതില്‍ മയക്കു മരുന്നുകള്‍ പിടികൂടിയിരുന്നു. സൊഹാര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 2.8 ദശലക്ഷം മയക്ക് മരുന്ന് ടാബ്‍ലറ്റുകള്‍ ആണ് ജനുവരിയില്‍ പിടികുടിയത്. മയക്കു മരുന്നിനു അടിമയായവരെ ചികിത്സിക്കുവാന്‍ ഇതിനകം 70 മില്ല്യന്‍ ഒമാനി റിയാല്‍ ചെലവഴിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടായിരത്തിലാണ് ഒമാനില്‍ മയക്കു മരുന്ന് വിരുദ്ധ കമ്മറ്റി നിലവില്‍ വന്നത്.
